| Saturday, 20th January 2024, 9:18 am

പ്രതിദിനം 100,000 കുട്ടികള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നു; മെറ്റക്കെതിരെ ന്യൂ മെക്‌സിക്കോയുടെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്താ ഫേ: പ്രതിദിനം ഏകദേശം 100,000 കുട്ടികളെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് മെറ്റ സമ്മതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മെറ്റയ്ക്കെതിരെ ന്യൂ മെക്സിക്കോ സമര്‍പ്പിച്ച നിയമപരമായ ഫയലിങ്ങിലാണ് ഈ വെളിപ്പെടുത്തല്‍.

രണ്ട് പ്ലാറ്റ്ഫോമുകളിലുമായി കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന സ്ഥിതിവിവരക്കണക്ക് ആശങ്കാജനകമാണെന്ന് കോടതി അറിയിച്ചു. നിലവില്‍ ഇത് സംബന്ധിച്ച് ന്യൂ മെക്സിക്കോ സമര്‍പ്പിച്ച രേഖകള്‍ കോടതി സീല്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്ക് മുതിര്‍ന്നവരുടെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ആവശ്യപ്പെടാതെയുള്ള സന്ദേശങ്ങള്‍ നേരിട്ട് സ്വീകരിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകള്‍ മെറ്റാ അംഗീകരിച്ചതായി ന്യൂ മെക്‌സിക്കോ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനി വിസമ്മതിക്കുകയും പണമില്ല എന്ന കാരണത്താല്‍ കുട്ടികളുടെ സുരക്ഷാ പരിഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ കമ്പനി പിന്‍വലിയുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രണ്ട് പ്ലാറ്റ്ഫോമുകളില്‍ നിന്നും കുട്ടികളുടെ അശ്ലീലചിത്രങ്ങളും മറ്റ് അധിക്ഷേപകരമായ ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കുട്ടികളെ ഇരപിടിക്കാന്‍ വേട്ടയാടുന്നവരുടെ കമ്പോളമായി മാറാന്‍ ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും മെറ്റ അനുവദിച്ചതായി കേസില്‍ രാജ്യം ആരോപിച്ചു.

ഒന്നിലധികം മെറ്റാ ജീവനക്കാര്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകകളില്‍ പറയുന്നതായി ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020ല്‍ ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശമയക്കുന്നതിനുള്ള പ്ലാറ്റ്ഫോമിലൂടെ ആപ്പിള്‍ എക്സിക്യൂട്ടീവിന്റെ 12 വയസുള്ള മകള്‍ക്ക് ഐ.ജി ഡയറക്ട് വഴി അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. വിഷയം ഗുരുതര സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും മറ്റും ഇടയാക്കിയിരുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കമ്പനിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: New Mexico’s case against Meta

We use cookies to give you the best possible experience. Learn more