9 സ്പീഡ് ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സി 250 ഡിയുടെ മുഖ്യ സവിശേഷത. ഈ ട്രാന്‍സ്മിഷനുള്ള സി ക്ലാസ് ഇതാദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. മറ്റ് രണ്ട് വകഭേദങ്ങള്‍ക്കും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉണ്ടായിരുന്നത്.
സി.എല്‍.എസ് , ഇ ക്ലാസ് , ജി.എല്‍.ഇ ക്ലാസുകളില്‍ ഉപയോഗിക്കുന്നതരമാണ് സി 250 ഡിയുടെ 201 ബി.എച്ച്.പി 500 എന്‍.എം ശേഷിയുള്ള 2,143 സി.സി 4 സിലിണ്ടര്‍ , ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ . ലീറ്ററിന് 19.70 കിമീ മൈലേജ് എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിമീ വേഗമാര്‍ജിക്കാന്‍ വെറും 6.6 സെക്കന്‍ഡ് മതി ഇതിന്.
റിവേഴ്‌സ് ക്യാമറ, അറ്റെന്‍ഷന്‍ അസിസ്റ്റ്, പനോരമിക് സണ്‍റൂഫ് എന്നിവ കൂടാതെ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റും ഉയര്‍ന്ന സി ക്ലാസ് വകഭേദത്തിനുണ്ട്. സി 250 ഡിയ്ക്ക് നേരിട്ടൊരു എതിരാളി ഇന്ത്യന്‍ വിപണിയിലില്ല. ബി.എം.ഡബ്ല്യു ത്രീ സീരീസ്, ഔഡി എ 4 എന്നിവയുടെ ഡീസല്‍ വേരിയന്റുകള്‍ സി 220 ഡിയുമായാണ് മത്സരിക്കുന്നത്.
ഇ ക്ലാസിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള ലക്ഷുറി സെഡാന്‍ എന്ന പദവി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ മോഡലാണ് പുതിയ തലമുറ സി ക്ലാസ് .കഴിഞ്ഞ വര്‍ഷം 13,502 വാഹനങ്ങള്‍ വില്‍പ്പന നടത്തിയ മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യയിലെ ആഡംബരകാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വര്‍ഷം 12 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് ജര്‍മന്‍ കമ്പനിയുടെ പദ്ധതി. പത്ത് പുതിയ ഷോറൂമുകളും തുറക്കും.