| Friday, 14th October 2022, 11:10 am

തുര്‍ക്കിയില്‍ പുതിയ മാധ്യമ നിയമം; 'വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും' പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: പുതിയ മാധ്യമ നിയമം (media law) പാസാക്കി തുര്‍ക്കി പാര്‍ലമെന്റ്.

‘വ്യാജ വാര്‍ത്തകളോ അല്ലെങ്കില്‍ തെറ്റായ വിവരങ്ങളോ’ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പുതിയ മാധ്യമ നിയമത്തിന് വ്യാഴാഴ്ചയായിരുന്നു തുര്‍ക്കി പാര്‍ലമെന്റ് അംഗീകാരം നല്‍കിത്.

പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിക്കും (എ.കെ.പി) നാഷണലിസ്റ്റ് സഖ്യകക്ഷിയായ എം.എച്ച്.പിക്കും ചേര്‍ന്ന് തുര്‍ക്കി പാര്‍ലമെന്റില്‍ 333 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്. ഇരു പാര്‍ട്ടികളിലെയും നിയമനിര്‍മാതാക്കള്‍ ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

എന്നാല്‍ പ്രതിപക്ഷ നിയമനിര്‍മാതാക്കളും മാധ്യമാവകാശ പ്രവര്‍ത്തകരും ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം, ‘തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് സംശയിക്കുന്ന ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഇന്റര്‍നെറ്റ് സൈറ്റുകളും സര്‍ക്കാരിന് കൈമാറണമെന്നും ചട്ടമുണ്ട്.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും.

അതേസമയം പുതിയ നിയമം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ആശങ്കയും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

‘സെന്‍സര്‍ഷിപ്പ് ബില്‍’ എന്നാണ് പുതിയ നിയമത്തെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിന് കേവലം എട്ട് മാസം മാത്രം ബാക്കിനില്‍ക്കെ മാധ്യമങ്ങള്‍ക്ക് മേലും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലും സര്‍ക്കാര്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും അഭിപ്രായമുയരുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ കണ്ടന്റുകള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും മേലുള്ള നിയന്ത്രണവും തുര്‍ക്കി സര്‍ക്കാര്‍ കടുപ്പിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതും നിര്‍ത്തലാക്കിയിരുന്നു.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (Reporters Without Borders) വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് (World Press Freedom Index) പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയില്‍ 149ാം സ്ഥാനത്താണ് തുര്‍ക്കി. രാജ്യത്തെ 90 ശതമാനത്തിലധികം മാധ്യമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴിലാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എര്‍ദോഗന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരെ ‘പ്രസിഡന്റിനെ അധിക്ഷേപിച്ചു’ എന്ന കുറ്റത്തിന് തടവിലാക്കിയിട്ടുണ്ടെന്നും മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: new media law in Turkey will impose three year jail term for spreading ‘misinformation’ and ‘fake news’

We use cookies to give you the best possible experience. Learn more