സ്പോര്‍ട്ടി കാറുകളുടെ പിന്നാലെയാണ് കുറച്ചുകാലമായി മാരുതി എന്നുവേണമെങ്കില്‍ പറയാം. എര്‍ട്ടിഗയുടേയും ബെലേനയുടേയും സ്പോര്‍ട്സ് മോഡലുകള്‍ ഇറക്കിയതിന് പിന്നാലെ ഇപ്പോള്‍ സിഫ്റ്റിന്റെ സ്പോര്‍ട്ടി മോഡലുമായി വിപണി കീഴടക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.
മുമ്പ് അവതരിപ്പിച്ചിരുന്ന മഞ്ഞ നിറത്തിനൊപ്പം കറുപ്പും കൂടി നല്കിയാണ് ഇത്തവണ സ്‌പോര്‍ട്ട് എത്തിയിരിക്കുന്നത്. ബാങ്കോക്ക് ഇന്‍ര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിയത്.
ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമില്‍ മുന്‍ മോഡലിനെക്കാള്‍ ഭാരം കുറവാണിതിന്.സാധാരണ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായി മുന്നിലേയും പിന്നിലേയും ബമ്പറിലും റേഡിയേറ്റര്‍ ഗ്രില്ലിലും കാര്യമായ മാറ്റം പുതിയ മോഡലില്‍ വരുത്തിയിട്ടുണ്ട്. മാത്രമല്ല പുതിയ ഡിസൈനിലെ അലോയ് വീല്‍ സ്പോര്‍ട്ടി രൂപത്തിന് ചേര്‍ന്നതാണ്.ബ്ലാക്ക് സ്‌മോഗ്ഡ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് , പിന്നില്‍ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഫൈബര്‍ ക്ലാഡിങ് എന്നിവ ഈ മോഡലിലെ പുതുമയാണ്.
സ്പോര്‍ട്ടി ഭാവത്തില്‍ തന്നെയായിരുന്നു മൂന്നാം തലമുറ സ്വിഫ്റ്റിന്റെ ഇന്റീരിയര്‍ ഒരുക്കിയിരുന്നത്. ഈ വാഹനത്തിലേക്ക് വരുമ്പോള്‍ സ്പോര്‍ട്ട് ബാഡ്ജിങ് സീറ്റുകളും വലിയ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും അലുമിനിയം പെഡലുകളുമാണ് പുതുമയൊരുക്കുന്നത്.
148 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റ് സ്പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും ഇതില്‍ ഒരുക്കിയിട്ടുണ്ട്.