'ലിംഗവിവേചനം പാടില്ല': വനിതാപൗരോഹിത്യത്തെ കുറിച്ച് മാര്‍ത്തോമ്മ സഭാ പുതിയ പരമാധ്യക്ഷന്‍
പത്തനംതിട്ട: സഭയുടെ ഒരു മേഖലയിലും ലിംഗവിവേചനം പാടില്ലെന്ന് മാര്‍ത്തോമ്മ സഭയുടെ പുതിയ പരമാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗാന്‍ മെത്രാപ്പൊലീത്ത. മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ വനിതാപൗരോഹിത്യത്തെ മാര്‍ത്തോമ്മ സഭ സ്വാഗതം ചെയ്യുന്നോ എന്ന ചോദ്യത്തോടാണ് മെത്രാപ്പൊലീത്തയുടെ പ്രതികരണം.
‘ഒരു മേഖലയിലും ലിംഗവിവേചനം പാടില്ല. ഒട്ടേറെ കടമ്പകള്‍ കടന്നാണ് ഒരാള്‍ വൈദിക പഠനത്തിന് പ്രാപ്തനാകുന്നത്. ഇത്തരം തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് സ്ത്രീകള്‍ കടന്നുവന്നാല്‍ സെമിനാരി പഠനത്തിന് അയക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ അതിനുശേഷം പൗരോഹിത്യത്തിലേക്കുള്ള കടന്നുവരവ് സഭാസമിതികളും വിശ്വാസികളും അംഗീകരിക്കണം. എപ്പിസ്‌കോപ്പല്‍ സമിതിക്കുപോലും അതിനുശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ. അംഗീകാരയോഗ്യയായ ഒരു വ്യക്തി വരുന്നതുവരെ കാത്തിരിക്കാം.’ മാര്‍ തിയഡോഷ്യസ് സഫ്രഗാന്‍ പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമം മാര്‍ത്താമ്മോസഭയുടെ വലിയ ദൗത്യങ്ങളിലൊന്നാണെന്നും ബോധവത്കരണത്തിലൂടെ ട്രാന്‍സ്‌ജെന്‍ജഡറുകളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘സംവരണം പോലുമില്ലാതെ സഭയിലും സമൂഹത്തിലും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കേണ്ട സമയമായി. ദാരിദ്ര്യത്തിന് കാരണം പാവപ്പെട്ടവരല്ലെന്ന് പറയുന്നതുപോലെ ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ച് ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് കാരണം അവരല്ല. അതിന് പിന്നില്‍ സമൂഹത്തിന് വലിയ സ്വാധീനമുണ്ട്.’
ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള അധിക്ഷേപം മാറ്റിയെടുക്കാന്‍ സാധിക്കും. സമൂഹത്തിന് പ്രയോജനകരമായ ശുശ്രൂഷകള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ തയ്യാറാവണമെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലും നിയന്ത്രണങ്ങളും സ്വീകരിച്ചുകൊണ്ടു വേണം ആരാധനകള്‍ നടത്താനുമെന്നും അദ്ദേഹം പറഞ്ഞു. ലൈവ് സ്ട്രീമിംഗ് അടക്കമുള്ള സാധ്യതകള്‍ ഉപയോഗിക്കണമെന്നും എണ്ണം നിയന്ത്രിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘കൊവിഡിന്റെ വിടുതലിനായി സഭയും സമൂഹവും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്. മാരമണ്‍ കണ്‍വെന്‍ഷന് നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഒരുപക്ഷെ ഒഴിവാക്കേണ്ടിയും വന്നേക്കാം. കൊവിഡ് മാറണമെന്നതാണ് കൂട്ടായ്മയേക്കാള്‍ പ്രധാനം.’ മെത്രാപ്പൊലീത്ത പറഞ്ഞു.
അന്തരിച്ച ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായാണ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊീലത്ത സ്ഥാനമേറ്റെടുക്കുന്നത്. തിരുവല്ല പുലാത്തീന്‍ പള്ളിയില്‍ വെച്ച് ശനിയാഴ്ച രാവിലെയോടെ ചടങ്ങുകള്‍ നടന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഭയില്‍ ഒരു പുതിയ മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക