തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും പുതിയ ടെലിവിഷന്‍ വാര്‍ത്താ ചാനലായ ദി ഫോര്‍ത്ത് ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ സംപ്രേഷണം ആരംഭിക്കും. കടുത്ത മത്സരം നിലനില്‍ക്കുന്ന മലയാള ദൃശ്യമാധ്യമരംഗത്തേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ നിരയുമായി ഫോര്‍ത്തിന്റെ രംഗപ്രവേശം ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി തുടങ്ങിയ ഫോര്‍ത്ത് ഇപ്പോള്‍ത്തന്നെ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളുമായി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാള മാധ്യമ രംഗത്ത് ഇതുവരെ കാണാത്ത ദൃശ്യഭാഷയോടെയാകും ഫോര്‍ത്ത് എത്തുക എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം.
നിലവിലെ നടപ്പുരീതികളില്‍ നിന്ന് മാറി അന്താരാഷ്ട്ര മാധ്യമങ്ങളോട് കിടപിടിക്കുന്ന രീതിയിലായിരിക്കും ചാനലിന്റെ രൂപവും ഭാവവും. അന്താരാഷ്ട്ര തലത്തില്‍ പ്രധാന ഇവന്റുകളുടെ ചുക്കാന്‍ പിടിച്ച ഒരു സാങ്കേതിക വിദഗ്ദന്റെ കീഴിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായി ആരംഭിക്കുന്ന ദി ഫോര്‍ത്തിന്റെ സ്റ്റുഡിയോ അടങ്ങുന്ന സെന്‍ട്രല്‍ ഡെസ്‌കിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയാ വണ്‍, ന്യൂസ് 18 എന്നിവിടങ്ങളില്‍ നിന്ന് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇതിനോടകം സ്ഥാപനത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ഇംഗ്ലീഷ് മാധ്യമ രംഗത്ത് 20 വര്‍ഷത്തോളം പ്രവൃത്തിപരിചയമുള്ള ബി. ശ്രീജന്‍, ഫോര്‍ത്തിന്റെ ന്യൂസ് ഡയറക്ടറായി നേരത്തേ തന്നെ ചുമതലയേറ്റിരുന്നു. നിലവില്‍ നൂറിലധികം പേര്‍ ഫോര്‍ത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.കെ. ഭൂപേഷ് എക്‌സിക്യൂട്ടിവ് എഡിറ്ററായ ടീമിനാണ് ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല. സാറ്റ്‌ലൈറ്റ് ചാനലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ചുമതലയിലേക്ക് വരാന്‍ കഴിയുന്ന ചില പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകരുമായി ഇതിനോടകം ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
മലയാളം സാറ്റലൈറ്റ് ചാനലിന്റെ ലോഞ്ചിന് മുന്‍പു തന്നെ ബെംഗളുരു ആസ്ഥാനമായി ഇംഗ്ലീഷ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നാണ് സൂചന. ദല്‍ഹി കേന്ദ്രീകരിച്ച് ഇതിനായുള്ള തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എഫ്.എം.സി.ജി കമ്പനിയുടെ നേതൃത്വത്തില്‍ 80 കോടി രൂപ മുതല്‍ മുടക്കിലാണ് ഫോര്‍ത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
content highlight: New Malayalam news channel ‘The Fourth’ to go on air on Independence Day