ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം കണ്ണൂരിലെ പാര്‍ട്ടി പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. പ്രണയത്തിലെ ജാതി ചിത്രത്തില്‍ ഒരു പ്രധാന പ്രമേയ വിഷയമാണ്.
വിപ്ലകരമായ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴും മനുഷ്യത്വം പോലും മരവിക്കുന്ന തരത്തില്‍ ജാതി എങ്ങനെ വര്‍ക്കാവുന്നു എന്നാണ് ചാവേര്‍ കാണിച്ചുതരുന്നത്. ക്രൂരമായ വയലന്‍സോടെയാണ് പ്രണയത്തിലെ ജാതിയെ പറ്റി ചാവേര്‍ സംസാരിക്കുന്നത്.
സമീപകാലത്ത് മലയാള സിനിമ കൂടുതലായി ജാതിയെ പറ്റി സംസാരിക്കുന്നുണ്ട്. അതേസമയം തമിഴ് സിനിമകള്‍ ജാതി സംസാരിക്കുന്നത് പോലെ അത് ലൗഡാവുന്നില്ല. സിനിമ കാണുമ്പോഴാവും ജാതി ഇതില്‍ പ്രധാന ആശയമാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുക.
ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഒ. ബേബി, മധുരമനോഹര മോഹം, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ നമ്മുടെ സമൂഹത്തിലെ ജാതിയെ പല തരത്തില്‍ അഡ്രസ് ചെയ്തിട്ടുണ്ട്. ‘വിധേയപ്പെട്ടിരിക്കേണ്ടവര്‍’ കുടുംബത്തിലെ പെണ്ണിനെ പ്രണയിക്കുമ്പോള്‍ ജാതി ദുരഭിമാന ബോധമായി വര്‍ക്ക് ചെയ്യുന്നത് എങ്ങനെയാണെന്നാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഒ. ബേബി കാണിച്ചുതന്നത്. വളരെ റോ ആയി കഥ പറഞ്ഞ ചിത്രത്തില്‍ ഒരു കോമ്പ്രമൈസും കൂടാതെയാണ് പറയാനുള്ള കാര്യങ്ങള്‍ സംവിധായകന്‍ പറഞ്ഞത്.
നര്‍മത്തിന്റെ അകമ്പടിയോടെയാണ് സ്‌റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം ജാതിയെ പറ്റി സംസാരിച്ചത്. സവര്‍ണ വിഭാഗത്തിലെ ജാതീയ ബോധത്തേയും പൊങ്ങച്ചത്തേയും പരിഹസിക്കുന്നതായിരുന്നു ചിത്രം.
പ്രണയത്തിലെ ജാതിയെ പറ്റി തന്നെ സംസാരിച്ച 18 പ്ലസ് ലൈറ്റായാണ് വിഷയത്തെ അവതരിപ്പിച്ചത്. മുന്നില്‍ കൊടിയും പിടിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന് നടിക്കുന്നവര്‍ക്കിടയിലുള്ള ജാതിചിന്തയാണ് 18 പ്ലസില്‍ കാണിക്കുന്നത്. വേദികളില്‍ ഇടതുപക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്ന, പ്രസംഗത്തില്‍ ആദര്‍ശം നിറക്കുന്ന പാര്‍ട്ടി നേതാക്കന്മാര്‍ വീട്ടുപടി കടന്നൊരു കീഴ്ജാതിക്കാരന്‍ വന്നാല്‍ ചാരു കസേരയില്‍ കാല്‍ നീട്ടിയിരിക്കുന്ന ജന്മിത്വത്തിലേക്ക് താഴുന്നത് ചിത്രത്തില്‍ കാണാം. തുല്യതക്ക് പകരം വര്‍ണ, വര്‍ഗ ചിന്താഗതി തലയില്‍ കയറുന്നതും പ്രായഭേദമില്ലാതെ തലമുറ- തലമുറയായി ഈ ജാതി ചിന്ത കൈമാറുന്നതും 18 പ്ലസ് കാണിക്കുന്നുണ്ട്.
ഒരു കാലത്ത് സവര്‍ണ നായകന്മാരെയും സവര്‍ണ ജാതിയേയും ആഘോഷിച്ച മലയാള സിനിമക്ക് ചെറുതല്ലാത്ത ഒരു ബദലാണ്, പുതിയ കാലത്ത് അധസ്ഥിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഭാഗത്ത് നിന്നും സംസാരിക്കുന്ന, ജാതിയെ അഡ്രസ് ചെയ്യുന്ന സിനിമകള്‍. 2000ങ്ങളിലെ സവര്‍ണ നായകന്മാരുടെയത്ര ആഘോഷിക്കപ്പെടുന്നില്ലെങ്കിലും ഇങ്ങനെയുള്ള ചെറിയ ശ്രമങ്ങള്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
Content Highlight: New malayalam movies which talks about caste