| Monday, 18th March 2019, 11:16 pm

ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രം; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗ്ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു.

കേരളത്തിന്റെ തെക്കേഅറ്റം മുതല്‍ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ ,സംഭവങ്ങള്‍ ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പ്രണയം പ്രമേയമായി മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രണയത്തിന് പ്രായം വിലങ്ങുതടിയല്ല എന്നാണ് ഈ ചിത്രം പറയുന്നത്.

കെ.എസ്.ആര്‍.ടി ബസ്സും പ്രൈവറ്റ് ബസ്സും ഓട്ടോറിക്ഷയും സിനിമയിലെ കഥാപാത്രങ്ങളാകുന്നതും മറ്റൊരു പുതുമയാണ്. പ്രണയമാണ് പ്രമേയമെങ്കിലും മലയാള സിനിമയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രണയകഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ പ്രണയമെന്ന് സംവിധായകന്‍ ഷാനു സമദ് പറഞ്ഞു.

ഇതൊരു മനുഷ്യന്റെ പ്രണയയാത്ര മാത്രമല്ല ആ മനുഷ്യന്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും കഥകളിലൂടെ കേരളത്തിലെ സാമൂഹിക വിഷയങ്ങളും ചിത്രം പറയുന്നുണ്ട്. ഇതൊരു റോഡ് മൂവി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. തൃശ്ശൂര് നിന്ന് കാഴിക്കോട്ടേയ്ക്കുള്ള ബസ്സ് യാത്രയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരനായ സഹയാത്രികനെ (ബാലു വര്‍ഗ്ഗീസ്) അബ്ദുള്ളയ്ക്ക് കൂട്ടുകിട്ടുന്നു.

പരസ്പരം പരിചയപ്പെട്ടതോടെ അവര്‍ തമ്മില്‍ അടുക്കുന്നു. പിന്നീട് അബ്ദുള്ളയുടെ അലീമയെത്തേടിയുള്ള യാത്രയില്‍ ആ ചെറുപ്പക്കാരനും കൂടെ കൂടുന്നു. അവരുടെ യാത്ര മനോഹരമായി തമാശയും സസ്‌പെന്‍സും ത്രില്ലും ഒക്കെയായി ചിത്രീകരിക്കുന്നതാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള സംവിധായകന്‍ പറഞ്ഞു.

വൈകാരികമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ പ്രക്ഷകരെ മുന്നോട്ട് നയിക്കുമ്പോഴും തമാശയാണ് ചിത്രത്തിന്റെ രസക്കൂട്ട്. പ്രമുഖ സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുഡാനിക്ക് ശേഷം സംസ്ഥാനഅവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മുംബൈയിലെ തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ അവിടെയുള്ള മലയാളികളുടെ ഹോട്ടല്‍ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന ഒരു സിനിമ കൂടിയാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള.

തിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ബാലുവര്‍ഗ്ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, നോബി, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, ജെന്‍സണ്‍ ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബേനസീര്‍, രചന/സംവിധാനം – ഷാനു സമദ്, ഛായാഗ്രഹണം – അന്‍സൂര്‍, സംഗീതം – സാജന്‍ കെ റാം, കോഴിക്കോട് അബൂബക്കര്‍, എഡിറ്റിംഗ് – വി ടി ശ്രീജിത്ത്, ഹിഷാം അബ്ദുള്‍ വഹാബ്, ഗാനരചന- പി കെ ഗോപി, ഷാജഹാന്‍ ഒരുമനയൂര്‍, കലാസംവിധാനം – ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, മേയ്ക്കപ്പ് – അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്, സ്റ്റില്‍സ് – അനില്‍ പേരാമ്പ്ര. പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – ആന്റണി ഏലൂര്‍, അഭിലാഷ് പൈങ്ങോട്, സംഘട്ടനം – അഷ്‌റഫ് ഗുരുക്കള്‍, നൃത്തം – സഹീര്‍ അബ്ബാസ്.

We use cookies to give you the best possible experience. Learn more