സംഭാഷണങ്ങളാൽ പിടിച്ചിരുത്തുന്ന ത്രില്ലർ അനുഭവം, അരങ്ങ് നിറയ്ക്കുന്ന 'ആട്ടം'
Entertainment
സംഭാഷണങ്ങളാൽ പിടിച്ചിരുത്തുന്ന ത്രില്ലർ അനുഭവം, അരങ്ങ് നിറയ്ക്കുന്ന 'ആട്ടം'
നവ്‌നീത് എസ്.
Saturday, 6th January 2024, 2:49 pm

സംഭാഷണങ്ങളിലൂടെ ഒരു സിനിമയെ പിടിച്ച് നിർത്താൻ കഴിയണമെങ്കിൽ പറയുന്ന വിഷയവും തിരക്കഥയും അത്രയും പവർഫുൾ ആവണം. അതും സംസാരിക്കുന്ന വിഷയം അത്രയും സീരിയസായ ഒന്നാണെങ്കിൽ അത് മടുപ്പ് തോന്നാത്ത വിധം ആസ്വാദ്യകരമായി പ്രേക്ഷകരെ പിടിച്ചിരുത്തണമെങ്കിൽ അതൊരു കഴിവ് തന്നെയാണ്.

അത്തരത്തിൽ ഒരു ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം.

സംഭാഷണം പ്രധാന ഘടകമായി വരുന്ന ഒരു ചിത്രത്തിൽ ഒരു പരിധിക്കപ്പുറം പ്രേക്ഷകനെ തളച്ചിടാൻ കഴിഞ്ഞിലെങ്കിൽ അത് പൂർണമായും ആസ്വാദനത്തെ ബാധിക്കും. എന്നാൽ കഥാപാത്രങ്ങൾ പറയുന്ന ചില വാക്കുകളിലൂടെ വലിയ ബി. ജി.എമ്മിന്റെയോ ഒരുപാട് ഷോട്ടുകളുടെയുമൊന്നും അതിഭാവുകത്വമില്ലാതെ തന്നെ ഓരോ സസ്പെൻസും ത്രില്ലിങ് നിമിഷങ്ങളും ആട്ടം ഡയറക്റ്റായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുത്തൻ രീതിയിലൂടെ തുറന്നുപറയാനുള്ള രാഷ്ട്രീയം ഗംഭീരമായ അവതരിപ്പിക്കുകയാണ് സംവിധായകൻ.

താൻ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഏറ്റവും കംഫർട്ടബിൾ എന്ന് വിശ്വസിച്ചിരുന്ന ഇടത്ത് നിന്ന് ഒരു പെൺകുട്ടിയ്‌ക്ക് ഏറ്റവും മോശമനുഭവം നേരിടേണ്ടി വരികയാണ്. തനിക്ക് അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് വിശ്വാസിക്കാൻ ആഗ്രഹിക്കുമ്പോഴും ചില പ്രത്യേക കാരണങ്ങളാൽ ഒപ്പമുള്ള എല്ലാവരും അതറിയുകയാണ്. മറ്റുള്ളവരെന്നാൽ 12 പുരുഷൻമാർ.

സംശയിക്കുന്ന വ്യക്തി ഈ 12പേരിൽ ഒരാളാണെങ്കിൽ ആ ആൺപട പെണ്ണിന്റെ വാക്കിന് ചെവി നൽകുമോ? ആളുകളെല്ലാം ഓരോ പ്രായക്കാർ വ്യത്യസ്ത അഭിപ്രായമുള്ളവർ വ്യത്യസ്ത പൊതുബോധമുള്ളവർ. ഇവർക്കിടയിൽ നടക്കുന്ന വിചാരണയാണ് ആട്ടം. ഒരു തരത്തിൽ കാണുന്ന പ്രേക്ഷകനെയും തലപുകഞ്ഞ് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന ചലച്ചിത്രാവിഷ്ക്കാരം.

ഒരു സ്ത്രീ, താൻ സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെട്ട കാര്യം തുറന്ന് പറഞ്ഞാൽ നിങ്ങൾ മറ്റൊന്നും ചിന്തിക്കാതെ അവളോടൊപ്പം നിൽക്കുമോ അതോ സംശയവിധേയനായ വ്യക്തി വലിയവനാണെങ്കിൽ ഏതെങ്കിലും വിധത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാൻ പറയുമോ. ആലോചിച്ചിട്ടും ഈ ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ വേട്ടക്കാരനൊപ്പമാണെന്നാണ്.

അരങ്ങ് ഒരു നാടക ട്രൂപ്പാണ്. പല മേഖലയിൽ ജീവിക്കുന്ന കുറച്ച് അഭിനേതാക്കൾ ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോവുന്ന ഒരു നാടക ട്രൂപ്പ്. മലയാള സിനിമയിലെ ഒരു തിരക്കുള്ള നടനാണ് അവരുടെ പ്രധാന നായക നടൻ. സിനിമാ താരമായത് കൊണ്ട് മാത്രം പരിചയ സമ്പന്നരായ മറ്റ് നടൻമാർക്ക് മുമ്പ് പ്രധാന നടനാവാൻ അയാൾക്ക് കഴിയുന്നു. ആ സംഘത്തിലെ ഏറ്റവും ഒടുവിലെ നടൻ കൂടിയാണ് അയാൾ. സ്വാഭാവികമായി മറ്റുള്ളവർക്കുള്ള സ്വരചേർച്ച പ്രകടമായി കാണാൻ കഴിയും.

ഹരിയെന്നാണ് അയാളുടെ പേര്. അയാൾക്കുള്ള ഹോൾഡും താരമൂല്യവുമെല്ലാം വലിയ രീതിയിൽ ആ നാടക സംഘത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നുണ്ട്. പരസ്പരം പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുള്ളപ്പോൾ ആവശ്യമില്ലാത്ത കോംപ്ലക്സുകൾ ആണ് നമുക്കിടയിലെ പ്രശ്നമെന്ന് ഹരി മറ്റുള്ളവരോട് പറയുന്നുണ്ട്.

 

ഹരി വഴി അരങ്ങെന്ന ഗ്രൂപ്പിന് അവരുടെ കാണികളായ വിദേശിയരുടെ ഒരു ഓഫർ ലഭിക്കുകയാണ്. അവരുടെ റിസോർട്ടിൽ ഒരു ദിവസം മുഴുവൻ ആഘോഷിക്കാനുള്ള ക്ഷണം. ശേഷം അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളുടെ പുറത്താണ് സിനിമ മുന്നോട്ട് പോവുന്നത്.

പിന്നീട് ആട്ടം സംസാരിക്കുന്നത് മുഴുവൻ വ്യക്തമായ രാഷ്ട്രീയമാണ്. ചിത്രത്തിന്റെ ആഖ്യാന രീതി തന്നെയാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഒരു സംഭവത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള, ഉറച്ച നിലപാട് എടുക്കാൻ കഴിയാത്ത, ഏതാണ് ശരി ഏതാണ് തെറ്റെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കൂട്ടം മനുഷ്യരെ സിനിമ പ്രതിനിധാനം ചെയ്യുന്നുണ്ട്.

ന്യായത്തിനോടൊപ്പം നിൽക്കുമ്പോഴും മുന്നിൽ തെളിയുന്ന പല മോഹനവാഗ്ദാനങ്ങൾക്കുമിടയിൽ എന്ത് ചെയ്യണമെന്നറിയാതെ ആടുന്നുണ്ട് ചിലരുടെ നിലപാടുകൾ.

വെറുമൊരു ത്രില്ലർ ഡ്രാമ ചിത്രമായി പറഞ്ഞു വെക്കാതെ, പൊതുബോധ സങ്കൽപ്പത്തെ കുറിച്ചും, സദാചാരത്തെ കുറിച്ചും, പ്രണയത്തിന്റെയും പകയുടെയും ഉൾപരപ്പിനെ കുറിച്ചുമെല്ലാം ഗംഭീരമായി വിളിച്ചു പറയുന്നുണ്ട് ആട്ടം. ഒപ്പം ഒരാളില്ലെങ്കിൽ അയാളുടെ കൂടെ കലയുണ്ടാവുമെന്ന് സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞുവെക്കുന്നുണ്ട്. അത്തരത്തിൽ തന്നെയാണ് സിനിമയിലെ ആട്ടം അവസാനിപ്പിക്കുന്നത്.

കോമേഴ്ഷ്യൽ എലമെന്റ്സ് ഒന്നുമില്ലാതെ തന്നെ രണ്ട് രണ്ടര മണിക്കൂർ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ഒരു കുറ്റം 13 ആളുകൾ, ആരാണ് തെറ്റുക്കാരൻ. ഈ ഉത്തരം കണ്ടെത്തുന്നതിനായി സംവിധായകൻ ഓരോ വ്യക്തിയുടെയും പൂർണമായ വ്യക്തിത്വം പ്രേക്ഷകർക്ക്‌ മുന്നിൽ വരച്ചിടുന്നുണ്ട്. തമ്മിലുള്ള ചെറിയ ചില ഈഗോ പ്രശ്നങ്ങൾ പോലും ഏത്‌ വിധത്തിലാണ് ബന്ധപ്പെടുത്തുന്നതെന്ന് ശ്രദ്ധിക്കുമ്പോഴാണ് തിരക്കഥ എത്രത്തോളം പ്രശംസ അർഹിക്കുന്നുണ്ടെന്ന് ബോധ്യമാവുന്നത്.

ചിത്രം പറയാൻ ഉദ്ദേശിക്കുന്ന കാര്യം എന്നും സംസാരിക്കേണ്ടത് തന്നെയാണ്. ലോകത്ത് എവിടെയും കൊണ്ട് പോയി പ്ലേസ് ചെയ്യാവുന്ന ഒന്ന്. സാഹചര്യങ്ങൾക്കനുസരിച്ച് ഓന്താവുന്ന, റിയാലിറ്റിക്കപ്പുറം തത്വം പറയുന്ന, എല്ലാം ദൈവ വിധിയാണെന്ന് ക്രെഡിറ്റ്‌ പറയുന്ന, പെണ്ണിന്റെ ഡ്രെസ്സിങ്ങിലും മദ്യപാനത്തിലുമെല്ലാം പ്രശ്നം കാണുന്ന ഒരു വലിയ മനുഷ്യ സമൂഹത്തിന്റെ നിൽപ്പുറയ്ക്കാത്ത ആട്ടത്തിന്റെ കഥയാണ് ആട്ടം..

Content Highlight: New Malayalam Movie Attam Analysis

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം