മലയാളസിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ലെന്ന് തിരക്കഥാകൃത്ത് ഉദയകൃഷണ. ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.
ഉദയകൃഷ്ണയുടെ പുതിയ ചിത്രമായ മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണയുടെ പ്രതികരണം. സിനിമയിലെ സ്ത്രീപക്ഷ ചര്‍ച്ചകളെ എങ്ങനെയാണ് കാണുന്നതെന്ന് ജോ ജോസഫ് പുന്നവേലിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉദയകൃഷ്ണ.
”നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്.’ ഉദയകൃഷ്ണ പറഞ്ഞു.
ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രമായ ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.
‘ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം.’ ഉദയകൃഷ്ണ പറയുന്നു.
പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രമാണിത്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്.
ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്.
വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.
ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക