സിഖുകാരുടെ അവകാശം സംരക്ഷിക്കാനായി അമേരിക്കയില്‍ പുതിയ നിയമം
World
സിഖുകാരുടെ അവകാശം സംരക്ഷിക്കാനായി അമേരിക്കയില്‍ പുതിയ നിയമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th September 2012, 11:16 am

വാഷിങ്ടണ്‍: സിഖുകാരുടെ അവകാശം സംരക്ഷിക്കാനായി കാലിഫോര്‍ണിയയില്‍ നിയമം വരുന്നു. രണ്ട് നിയമങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സിഖ് ആചാരങ്ങളും വിശ്വാസവും ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നതാണ് ഒന്ന്.[]

തൊഴിലിടങ്ങളില്‍ സിഖുകാരുടെ സംരക്ഷണമാണ് രണ്ടാമത്തെ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലിടങ്ങളിലും അല്ലാതെയും സിഖുകാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പുതിയ നിയമങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

കാലിഫോര്‍ണിയ ഗവര്‍ണര്‍ എഡ്മുണ്ട് ബ്രൗണ്‍ ഒപ്പുവക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഇന്ന്‌ നടക്കുന്ന സമാധാന ഐക്യ റാലിയില്‍ ഗവര്‍ണര്‍ നിയമത്തില്‍ ഒപ്പുവെക്കും.

സിഖുകാരുടെ പരമ്പരാഗത വേഷമായ തലപ്പാവും മറ്റ് വേഷവിധാനങ്ങളും തൊഴിലിടങ്ങളില്‍ അനുവദിക്കുന്നതും നിയമത്തിന്റെ പരിധിയില്‍വരും.

അടുത്തിടെയായി സിഖുകാര്‍ക്ക് നേരെ ഒറ്റപ്പെട്ട അക്രമങ്ങളും അമേരിക്കയില്‍ പല ഭാഗങ്ങളിലായി അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണം. അമേരിക്കയിലെ ഓക് ക്രീക്കിലെ വിസ്‌കന്‍സിന്‍ ഗുരുദ്വാരയില്‍ ഉണ്ടായ വെടിവെയ്പില്‍ ഏതാനും സിഖ് വിശ്വാസികള്‍ അടുത്തിടെയാണ് കൊല്ലപ്പെട്ടത്.