| Monday, 19th June 2023, 11:51 pm

ബെഹ്‌റയുടെയും അനില്‍ കാന്തിന്റേയും പിന്‍ഗാമിയാര്; സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടിക തയ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ നിശ്ചയിക്കാനുള്ള മൂന്നംഗ പാനല്‍ തെരഞ്ഞെടുത്തു. കെ. പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് മൂന്നംഗ പട്ടികയിലുള്ളത്.

ഡി.ജി.പി അനില്‍ കാന്ത് ഈ മാസം വിരമിക്കുന്നതോടെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പുതിയ ആള്‍ എത്തുക. ഡി.ജി.പി പാനലില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നിധിന്‍ അഗര്‍വാള്‍ സംസ്ഥാന സര്‍വീസിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പാനല്‍ തെരഞ്ഞെടുത്തത്.

ബി.എസ്.എഫ് ഡയറക്ടര്‍ ജനറലായി നിധിന്‍ അഗര്‍വാളിനെ നേരത്തെ നിയമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിധിന്‍ അഗര്‍വാള്‍ സംസ്ഥാന സര്‍വീസിലേകില്ലെന്ന് വ്യക്തമാക്കിയത്.

തുടര്‍ന്ന് പട്ടികയിലെ നാലാമത്തെ പേരുകാരനായ ഹരിനാഥ മിശ്രയെ ഉള്‍പ്പെടുത്തിയാണ് മൂന്നംഗ പാനല്‍ തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ചുമതലയിലുള്ള ഹരിനാഥ് മിശ്ര സംസ്ഥാന സര്‍വീസിലേക്ക് മടങ്ങാന്‍ താത്പര്യം അറിയിച്ചത് പരിഗണിച്ചാണ് ഇന്ന് ദില്ലിയില്‍ ചേര്‍ന്ന യോഗം പട്ടിക തയ്യാറാക്കിയത്.

ഇവരില്‍ നിന്ന് ഒരാളെ കേരള സര്‍ക്കാരിന് തെരഞ്ഞെടുക്കാം എന്നതാണ് വ്യവസ്ഥ. ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍ബേഷ് സാഹിബാണ് നിലവില്‍ സീനിയോറിറ്റിയില്‍ ഒന്നാമത്.

നിലവില്‍ ജയില്‍ മേധാവിയായി പ്രവര്‍ത്തിക്കുന്ന പത്മകുമാറിനും സാധ്യതയേറെയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ട് പേരുടെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ ദില്ലിയില്‍ ചേര്‍ന്ന യു.പി.എസ്.സി. ഉന്നതതല യോഗം തെരഞ്ഞെടുത്തത്.

ജൂണ്‍ 30നാണ് നിലവിലെ ഡി.ജി.പി അനില്‍കാന്ത് വിരമിക്കുക. ലോക്നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായാണ് അനില്‍ കാന്ത് പൊലീസിന്റെ തലപ്പത്തെത്തിയത്. ആറ് മാസം സര്‍വീസ് ബാക്കിയുള്ളപ്പോളായിരുന്നു അനില്‍ കാന്തിന് നിയമനം ലഭിച്ചത്.

എന്നാല്‍ പിന്നീട് കേരള സര്‍ക്കാര്‍ അനില്‍ കാന്തിന് രണ്ട് വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു. ഇത് പ്രകാരമാണ് ഈ മാസം 30ന് അനില്‍ കാന്ത് ഡി.ജി.പി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

Content Highlights: new kerala dgp final list announced today in delhi by upsc board
We use cookies to give you the best possible experience. Learn more