കവാസാക്കിയുടെ പുതിയ ഓഫ്റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍
Bike
കവാസാക്കിയുടെ പുതിയ ഓഫ്റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st November 2018, 11:21 pm

2019 കവാസാക്കി KX250, KX450, KLX450R ബൈക്കുകള്‍ ഇന്ത്യയില്‍. ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും പുതിയ ഓഫ്റോഡ് ഡേര്‍ട്ട് ബൈക്കുകളാണ് മൂന്നു മോഡലുകളും.

7.43 ലക്ഷം രൂപയ്ക്ക് 2019 കവാസാക്കി KX250 വില്‍പനയ്ക്ക് അണിനിരക്കുമ്പോള്‍ 7.79 ലക്ഷം രൂപയാണ് KX450യ്ക്ക് കമ്പനി നിശ്ചയിക്കുന്ന വില. ഏറ്റവും ഉയര്‍ന്ന കവാസാക്കി KLX450R മോഡല്‍ 8.49 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പനയ്ക്കെത്തും.


ശ്രേണിയിലെ ഏറ്റവും കരുത്തുകൂടിയ എഞ്ചിനാണ് 2019 കവാസാക്കി KX450യില്‍ തുടിക്കുന്നത്. ഫിംഗര്‍ ഫോളോവര്‍ വാല്‍വ് സംവിധാനം, ഹൈഡ്രോളിക് ക്ലച്ച്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിവയെല്ലാം ബൈക്കിലെ പുതുമകളാണ്. ഭാരംകുറഞ്ഞ അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം പുതിയ KX450യുടെ ദൃഢത കൂട്ടും.

അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ടിന്റെയും കോയില്‍ സ്പ്രിങ് ഫോര്‍ക്കുകളുടെയും ഇടംപിടിക്കുന്നതിനാല്‍ മോഡലിന് താരതമ്യേന ഭാരം കൂടി. നിയന്ത്രണമികവു വര്‍ധിപ്പിക്കാന്‍ ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറാണ് മോഡലുകള്‍ക്ക് ലഭിക്കുന്നത്. 2019 KLX450Rല്‍ എല്‍.ഇ.ഡി ടെയില്‍ ലാമ്പും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് മുഖ്യവിശേഷങ്ങള്‍.

സ്പീഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, ക്ലോക്ക് എന്നിവയെല്ലാം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്. ഉയര്‍ന്ന ആര്‍.പി.എമ്മില്‍ മികവുകാട്ടുന്ന എഞ്ചിനും ഭേദപ്പെട്ട സസ്പെന്‍ഷനുമാണ് KX250യ്ക്ക് ലഭിക്കുന്നത്. KX250യിലുള്ള 249 സി.സി ഒറ്റ സിലിണ്ടര്‍ എഞ്ചിന് വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയുണ്ട്.


അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 449 സി.സി എഞ്ചിന്‍ KX450, KLX450R മോഡലുകളില്‍ തുടിക്കും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്സ്. പതിവുപോലെ ഡേര്‍ട്ട് ബൈക്കുകളുടെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ കവാസാക്കി പുറത്തുവിട്ടിട്ടില്ല.