അമേരിക്കയിലെ സിഖ് വംശജനായ അറ്റോര്‍ണി ജനറലിന് വംശീയാധിക്ഷേപം: 'ടര്‍ബന്‍ മാന്‍' പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
world
അമേരിക്കയിലെ സിഖ് വംശജനായ അറ്റോര്‍ണി ജനറലിന് വംശീയാധിക്ഷേപം: 'ടര്‍ബന്‍ മാന്‍' പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 1:10 pm

ന്യൂജഴ്‌സി: അമേരിക്കന്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ പദത്തിലെത്തിയ സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തിക്ക് റേഡിയോ ജോക്കികളില്‍ നിന്നും വംശീയാധിക്ഷേപം നേരിടേണ്ടി വന്നതായി പരാതി. ന്യൂ ജഴ്‌സി അറ്റോര്‍ണി ജനറലായ ഗുര്‍ബീര്‍ ഗ്രേവാളിനാണ് എന്‍.ജെ. 101.5 എഫ്.എമിലെ അവതാരകരില്‍ നിന്നും അധിക്ഷേപസൂചകമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നത്. സിഖ് മതവിശ്വാസികള്‍ ധരിക്കുന്ന തലപ്പാവിനെ സൂചിപ്പിച്ചു കൊണ്ട് “ടര്‍ബന്‍ മാന്‍” എന്ന പദമുപയോഗിച്ചാണ് വിദേശീയ വിദ്വേഷം വെളിവാക്കുന്ന പ്രസ്താവനകള്‍ നടത്തിയതെന്നാണ് പരാതി.

റേഡിയോ ചാനലില്‍ ഡെന്നിസ് ആന്‍ഡ് ജൂഡി ഷോ നടത്തുന്ന ഡെന്നിസ് മല്ലോയ്, ജൂഡി ഫ്രാങ്കോ എന്നീ അവതാരകരാണ് ലഹരിമരുന്നു കേസുകളിലെ വിധിന്യായവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഗ്രേവാളിനെ “ടര്‍ബന്‍ മാന്‍” എന്നു വിളിച്ചധിക്ഷേപിച്ചത്.

അറ്റോര്‍ണി ജനറലിന്റെ പേരു തനിക്കറിയില്ല, അയാളെ തലപ്പാവു ധരിക്കുന്ന ആള്‍ എന്നാണ് താന്‍ വിശേഷിപ്പിക്കാന്‍ പോകുന്നത്. “ടര്‍ബന്‍ മാന്‍” എന്നു വിളിക്കാം. ആ വിളി നിങ്ങളെ അവഹേളിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ തലപ്പാവു ധരിക്കാതിരുന്നാല്‍ മതി, അപ്പോള്‍ താങ്കളുടെ പേര് ഓര്‍മിക്കുന്നതിനേപ്പറ്റി ആലോചിക്കാമെന്നെല്ലാമാണ് അവതാരകരുടെ വാക്കുകള്‍.


Also Read: ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു


ടര്‍ബന്‍ മാന്‍ എന്ന വിളിയില്‍ എന്താണ് കുഴപ്പമെന്നും അത് അത്രമേല്‍ പ്രകോപനപരമാണോയെന്നും ഇരുവരും സംഭാഷണത്തിനിടയില്‍ ചോദിക്കുന്നുണ്ട്. ബേസ്‌ബോള്‍ തൊപ്പികള്‍ ധരിക്കാത്തവരുടെ സമൂഹത്തില്‍ ചെന്ന് താന്‍ ബേസ്‌ബോള്‍ തൊപ്പി ധരിച്ചു നടന്നാല്‍, തന്നെ ആ തൊപ്പിയുടെ പേരില്‍ അഭിസംബോധന ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നും ചോദ്യമുണ്ട്.

അവതാരകരുടെ പരാമര്‍ശങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച ന്യൂ ജഴ്‌സി ഗവര്‍ണര്‍ ഫില്‍ മുര്‍ഫി, റേഡിയോ സ്‌റ്റേഷനോട് ഇവര്‍ക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. “ജുഗുപ്‌സാവഹവും വംശീയവിദ്വേഷമടങ്ങുന്നതുമായ പരാമര്‍ശങ്ങളാണ് റേഡിയോ അവതാരകര്‍ നടത്തിയിരിക്കുന്നത്. ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ക്ക് ന്യൂജഴ്‌സിയില്‍ സ്ഥാനമില്ല. ഇത്തരം വിവേചനപരമായ പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ സ്റ്റേഷന്‍ മാനേജ്‌മെന്റ് ശ്രദ്ധിക്കേണ്ടതായിരുന്നു.” മുര്‍ഫിയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.


Also Read: രണ്ടുപേര്‍ ചുംബിക്കുന്ന ഫോട്ടോയെടുത്തതിന് ബംഗ്ലാദേശില്‍ ഫോട്ടോഗ്രാഫര്‍ക്ക് തല്ല്


വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്ന വരെ ഇരുവരെയും പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും റേഡിയോ സ്‌റ്റേഷന്‍ പ്രതികരിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വഷണം നടത്തുന്നുണ്ടെന്നും അവര്‍ പറയുന്നു.

ഗ്രേവാളിനു പിന്തുണയറിയിച്ചു കൊണ്ട് ഹോബോക്കന്‍ മേയറും സിഖ് വംശജനുമായ രവി ഭല്ലയും രംഗത്തെത്തിയിട്ടുണ്ട്. റേഡിയോ സ്‌റ്റേഷനെതിരെയും അവതാരകര്‍ക്കെതിരെയും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി അരങ്ങേറുന്നത്. ടര്‍ബന്‍, കിപ്പാ, കുരിശ്, ഹിജാബ് എന്നിങ്ങനെ മതവിശ്വാസത്തെ കുറിക്കുന്ന എന്തു ചിഹ്നവും ധരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകരും പ്രതികരിക്കുന്നു.