| Thursday, 13th May 2021, 7:29 am

ന്യൂജെഴ്‌സിയിലെ ഹിന്ദു ക്ഷേത്ര നിര്‍മ്മാണത്തിന് ദളിത് തൊഴിലാളികളെ നിര്‍ബന്ധിത ജോലിയ്ക്ക് വിധേയമാക്കി; ക്ഷേത്രസമിതിയ്‌ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ന്യൂജെഴ്‌സിയിലെ ഹിന്ദു ക്ഷേത്ര നിര്‍മ്മാണത്തിനായി ഇന്ത്യന്‍ വംശജരായ തൊഴിലാളികളെ 12 മണിക്കൂറോളം ജോലി ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് നിരവധി തൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തി.

ബൊച്ചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്) മതവിഭാഗത്തിനെതിരെയാണ് തൊഴിലാളികള്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുമെത്തിയ 200ലധികം തൊഴിലാളികളെയാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. റോബിന്‍സ് വില്ലെയിലെ ബി.എ.പി.എസിന് കീഴിലുള്ള ക്ഷേത്രനിര്‍മ്മാണത്തിനായാണ് തൊഴിലാളികളെക്കൊണ്ട് 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ഇന്ത്യയിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജോലിയ്ക്കായി എത്തിയ ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ക്ഷേത്രട്രസ്റ്റ് അധികൃതര്‍ വാങ്ങിവെച്ചിരുന്നു.

നിര്‍മ്മാണം കഴിയുന്നത് വരെ പുറത്തേക്ക് പോകാതിരിക്കാന്‍ കനത്ത സുരക്ഷയിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു.

ആഴ്ചയില്‍ 80 മണിക്കൂറിലധികം ജോലി ചെയ്തിട്ടും വളരെ തുച്ഛമായ കൂലിയാണ് തൊഴിലാളികള്‍ക്ക് നല്‍കിയതെന്നും സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്ത് സാധാരണയായി ക്ഷേത്രനിര്‍മ്മാണ തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ 1.20 ഡോളറാണ് കൂലിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ന്യൂജെഴ്‌സിയില്‍ 12 ഡോളറാണ് മിനിമം കൂലിയായി നല്‍കിവരുന്നത്.

എന്നാല്‍ ഈ തൊഴിലാളികള്‍ക്ക് മാസം 450 ഡോളര്‍ അഥവാ 33144 ഇന്ത്യന്‍ രൂപ മാത്രമാണ് നല്‍കിയിരുന്നത്. അവധി ദിനം പോലും നല്‍കാതെയായിരുന്നു ജോലി ചെയ്യിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇന്ത്യയിലും അമേരിക്കയിലും കാര്യമായ സ്വാധീനമുള്ള ഹിന്ദുമതവിഭാഗമാണ് ബി.എ.പി.എസ്. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഈ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുക വരെ ചെയ്തിരുന്നു.

ഇതിനുപുറമേ ക്ഷേത്രത്തില്‍ നിന്നുള്ള ഒരു പ്രതിനിധി കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ നടന്ന നടന്ന ദേശീയ പ്രാര്‍ത്ഥന ദിനാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: New Jersey Hindu Temple Allegedly Forced Laborers To Work

Latest Stories

We use cookies to give you the best possible experience. Learn more