ലോകമെമ്പാടും ആരാധകരുള്ള റെസ്‌ലിംഗ് ഇന്‍ഡസ്ട്രിയാണ് ഡബ്ലിയു.ഡബ്ലിയു.ഇ. പ്രൊഫഷണല്‍ റെസ്‌ലിംഗ് സങ്കല്‍പങ്ങളെ തിരുത്തി കുറിച്ച വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ഡബ്ലിയു.ഡബ്ലിയു.ഇ മറ്റ് റെസ്‌ലിംഗ് പ്രൊമോഷനുകള്‍ക്കൊന്നും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ഇപ്പോള്‍.
ജോണ്‍ സീന, അണ്ടര്‍ ടേക്കര്‍, ട്രിപ്പിള്‍ എച്ച്, റാന്‍ഡി ഓര്‍ട്ടണ്‍, ഹള്‍ക്ക് ഹോഗന്‍, ജേക്ക് റോബര്‍ട്‌സ്, ഷോണ്‍ മൈക്കിള്‍സ്, എഡ്ജ്, റോമന്‍ റെയിംഗ്‌സ്, റേ മിസ്റ്റീരിയോ തുടങ്ങി ഒട്ടേറെ താരങ്ങളാണ് വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയ്ന്‍മെന്റിനെ അത്യുന്നതങ്ങളിലെത്തിച്ചത്.
റേറ്റിംഗിലും റെസ്‌ലിംഗ് സ്‌ക്രിപ്റ്റിംഗിലും എ.ഇ.ഡബ്ലിയുവും ഇംപാക്ട് റെസ്‌ലിംഗും ന്യൂ ജപ്പാന്‍ പ്രൊ റെസ്‌ലിംഗും എം.എല്‍.ഡബ്ലിയുവും രംഗത്തുണ്ടെങ്കിലും അവര്‍ക്കൊന്നും ഓടിയെത്താനാകാത്ത ദൂരത്തിലാണ് ഡബ്ലിയു.ഡബ്ലിയു.ഇ.
അമേരിക്കയ്ക്ക് പുറത്തേക്കും തങ്ങളുടെ ബിസിനസ് സാമ്രാജ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഡബ്ലിയു.ഡബ്ലിയു.ഇ ചെയര്‍മാന്‍ വിന്‍സ് മെക്മാനും സി.ഇ.ഒ ഹണ്ടര്‍ ഹെല്‍മ്‌സ്‌ലി എന്ന ട്രിപ്പിള്‍ എച്ചും വിവിധ വഴികള്‍ തേടാറുണ്ട്. സൗദിയില്‍ വെച്ച് നടന്ന ക്രൗണ്‍ ജുവല്‍ എന്ന പേ പെര്‍ വ്യൂ ഷോയും ഇതേ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമായിരുന്നു.
ഇപ്പോഴിതാ ഇന്ത്യയിലും ഡബ്ലിയു.ഡബ്ലിയു.ഇയുടെ വളര്‍ച്ച വേഗത്തിലാക്കാനാണ് മെക്മാന്റെ ശ്രമം. ഇതിന്റെ ഭാഗമായി പുതിയ ഇന്ത്യന്‍ താരത്തെ റിംഗിലേക്കെത്തിച്ചിരിക്കുകയാണ് ഡബ്ലിയു.ഡബ്ലിയു.ഇ.
ഇന്ത്യന്‍ ഗുസ്തി താരമായ റിങ്കു സിംഗിനെയാണ് ഡബ്ലിയു.ഡബ്ലിയു.ഇ പുതുതായി മെയ്ന്‍ റോസ്റ്ററിലേക്കെത്തിച്ചിരിക്കുന്നത്. വീര്‍ മഹാന്‍ എന്ന റിംഗ് നെയ്മിലാവും താരം ഇടിക്കൂട്ടിലെത്തുക.
ഡബ്ലിയു.ഡബ്ലിയു.ഇയുടെ പ്രമുഖ ബ്രാന്റായ റോയിലേക്കാണ് റിങ്കു എത്തുന്നത്. ഡബ്ലിയു.ഡബ്ലിയു.ഇയും റെസ്‌ലിംഗ് അനലിസ്റ്റും പ്രൊഡ്യൂസറും ക്യാരക്ടര്‍ ഡെവലപ്പറുമായ ലാന്‍സ് സ്റ്റോമും ഇക്കാര്യം സൂചിപ്പിക്കുന്നു.
കേവലമൊരു മിഡ് കാര്‍ഡറായിട്ടോ ജോബര്‍ ആയിട്ടോ അല്ല വീര്‍ മഹാന്‍ എന്ന റിങ്കുവിനെ ഡബ്ലിയു.ഡബ്ലിയു.ഇ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും സൂചനയുണ്ട്. മുന്‍പ് ജിന്ദര്‍ മഹാലിന്റെ കൂട്ടത്തിലൊരുവനായി റിങ്കു റിംഗിലെത്തിയിരുന്നു. എന്നാല്‍ റിംഗ് നെയിം അടക്കമുള്ള മാറ്റങ്ങളും പുതിയ ക്യാരക്ടറും താരത്തിനായി ഡബ്ലിയു.ഡബ്ലിയു.ഇ കരുതി വെച്ചിട്ടുണ്ടെന്നും ബ്ലീച്ചര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡബ്ലിയു.ഡബ്ലിയു.ഇയുടെ തന്നെ പ്രൊമോഷനായ എന്‍.എക്‌സ്.റ്റിയിലൂടെയായിരുന്നു റിങ്കു അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലിംഗ് ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഇന്ത്യന്‍ താരമായ സൗരവ് ഗുര്‍ജാറിനൊപ്പം ടാഗ് ടീം മത്സരങ്ങളിലായിരുന്നു റിങ്കു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഇന്ത്യയില്‍ നിന്നും മറ്റ് ചില റെസ്‌ലേഴ്‌സും ഡബ്ലിയു.ഡബ്ലിയു.ഇയുടെ ഭാഗമായിരുന്നു. ദി ഗ്രേറ്റ് കാലി, ജിന്ദര്‍ മഹാല്‍ എന്നിവരായിരുന്നു ഇന്ത്യയില്‍ നിന്നുള്ള റെസ്‌ലിംഗ് താരങ്ങള്‍. ഇതില്‍ കാലിയും ജിന്ദര്‍ മഹാലും ഡബ്ലിയു.ഡബ്ലിയു.ഇയുടെ വേള്‍ഡ് ചാമ്പ്യന്‍മാരും ആയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: New Indian wrestler to sign with WWE