ന്യൂദൽഹി: പുതിയ ക്രിമിനൽ ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ ഇന്ത്യൻ ശിക്ഷാനിയമം കൂടുതൽ ക്രൂരമായി മാറിയെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം.
2024ൽ അധികാരത്തിൽ വരുന്ന സർക്കാർ ഈ നിയമങ്ങൾ പുനപരിശോധിക്കണമെന്നും ഭീകരമായ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും ചിദംബരം പറഞ്ഞു.
കൊളോണിയൽ കാലഘട്ടത്തിലുള്ള ഐ.പി.സി, സി.ആർ.പി.സി, 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്.
‘ ക്രിസ്മസ് ദിന ആഘോഷങ്ങൾ അവസാനിക്കാനിരിക്കെ നമ്മൾ കേൾക്കുന്ന വാർത്ത പുതിയ മൂന്ന് ക്രിമിനൽ ബില്ലുകൾക്ക് പ്രസിഡന്റ് അനുമതി നൽകി എന്നതാണ്. പുതിയ ഇന്ത്യൻ പീനൽ കോഡ് കൂടുതൽ ക്രൂരമായിരിക്കുന്നു.
നിയമം കൂടുതലായും പാവപ്പെട്ടവർക്ക് എതിരെയും തൊഴിലാളികൾക്കെതിരെയും സമൂഹത്തിലെ ദുർബല വിഭാഗത്തിനെതിരെയുമാണ് പ്രയോഗിക്കുന്നത് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഈ വിഭാഗങ്ങളെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായി നിയമം മാറും.
വിചാരണയിൽ ഉൾപ്പെടെയുള്ള ജയിലിൽ കഴിയുന്ന മിക്ക ആളുകളും പാവപ്പെട്ടവരും തൊഴിലാളികളും അടിച്ചമർത്തപ്പെടുന്ന വിഭാഗവുമാണ്,’ ചിദംബരം എക്‌സിൽ പോസ്റ്റ് ചെയ്തു.