വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ പുത്തന്‍ സംവിധാനം
Big Buy
വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ പുത്തന്‍ സംവിധാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th June 2012, 9:06 am

നെടുമ്പാശ്ശേരി: വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കുന്നതിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നു.
റഡാര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതിനാലാണ് ലോവര്‍ ഏരിയ കണ്‍ട്രോള്‍ സെന്റര്‍ സംവിധാനം കൊച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കുന്നത്.

വിമാനം ഇറക്കുന്ന സമയത്ത് കാലാവസ്ഥ പ്രതികൂലമായാല്‍ കൂടി സുരക്ഷിതമായി വിമാനങ്ങള്‍ ഇറക്കുന്നതിനും പറന്നുയരുന്നതിനും സഹായിക്കുന്ന സംവിധാനമാണ് റഡാര്‍. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങളില്‍ റഡാര്‍ സ്ഥാപിക്കേണ്ടത്.

തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറിന്റെ സഹായത്തോടെ കൊച്ചിയില്‍ വിമാനങ്ങളുടെ ദൃശ്യങ്ങളും ഗതിയും കാണാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

റഡാര്‍ സ്ഥാപിക്കുന്നതിനായി കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മഴക്കാലത്ത് വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ പലപ്പോഴും കഴിയാറില്ല. അതിനാലാണ് പുതിയ സംവിധാനം. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ മഴക്കാലത്ത് കൊച്ചിയില്‍ ചില വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയിരുന്നു. മഴക്കാലത്ത് റണ്‍വേയില്‍ തെന്നല്‍ അനുഭവപ്പെടാതിരിക്കാനുള്ള നടപടികളും സിയാല്‍ തുടങ്ങി.

കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സ്‌ക്രീനില്‍ വിമാനങ്ങളുടെ ഗതിയും ദിശയും അറിയാന്‍ കഴിയും. ഇതിനനുസരിച്ചാണ് പൈലറ്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക.