വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത മരുന്നുകള്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. ലുക്കോസ്‌കിന്‍ എന്നാണ് ഈ മരുന്നിന്റെ പേര്.
ഉത്തരാഖണ്ഡിലെ ഡിഫന്‍സ് ബയോ എനര്‍ജി റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.
2011ലാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ലോക ആരോഗ്യ കോണ്‍ഗ്രസിനൊപ്പം നടന്ന ആരോഗ്യ എക്‌സ്‌പോയില്‍ ഈ മരുന്ന് വില്പന നടത്തിയിരുന്നു. വാണിജ്യ തലത്തില്‍ ഈ മരുന്ന് ലഭ്യമാക്കുന്നതിനായി ഇതിന്റെ സാങ്കേതിക വിദ്യ ഡി.ഐ.ബി.ഇ.ആര്‍, എ.ഐ.എം.ഐ.എല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യയ്ക്ക് കൈമാറി.
മാറാവ്യാധികളിലൊന്നായാണ് ത്വക്ക് രോഗമായ വെള്ളപ്പാണ്ടിനെ കാണുന്നത്. എന്നാല്‍ ലുക്കോസ്‌കിന്‍ ഇതിന് വളരെയധികം ഫലപ്രദമാണെന്നാണ് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരുടെ അവകാശവാദം.
ലോകത്തുള്ള പാണ്ടുരോഗികളില്‍ 1 മുതല്‍ 2ശതമാനം വരെ ഇന്ത്യയിലാണ്. ഇന്ത്യയില്‍ രാജസ്ഥാന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ വെള്ളപ്പാണ്ട് പിടിപെട്ടവരുള്ളത്.
ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കില്ലെങ്കിലും മാനസികമായ പല പ്രശ്‌നങ്ങളും ഇത്തരം രോഗികള്‍ക്ക് ഉണ്ടാവാറുണ്ട്. ഈ രോഗം പിടികൂടുന്നതോടെ പലരും മനസുകൊണ്ട് തളരുന്നു. സാമൂഹ്യത്തില്‍ ഒറ്റപ്പെടുകയാണെന്ന തോന്നല്‍ രോഗികള്‍ക്കുണ്ടാവുന്നു. ഇതിന് പല ചികിത്സകളും നിലവിലുണ്ട്. എന്നാല്‍ ഒന്നും പൂര്‍ണഫലം ഉറപ്പുനല്‍കുന്നതല്ല.
ചികിത്സകളില്‍ പലതും ഏറെ ചിലവുവരുന്നതും ഫലപ്രാപ്തി കുറഞ്ഞതുമാണ്. കൂടാതെ ചില പ്രതിരോധ മരുന്നുകള്‍ രോഗികളില്‍ ചൊറിച്ചിലുണ്ടാക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പല രോഗികളും ചികിത്സ പാതിവഴിയില്‍ ഉപയോഗിക്കാറാണ് പതിവ്.
വെള്ളപ്പാണ്ടിനുള്ള കാരണം കണ്ടെത്താനാണ് ഡി.ഐ.ബി.ഇ.ആര്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. ഈ രോഗത്തിന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ മരുന്നാണ് ലുക്കോസ്‌കിന്‍ എന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇത് രോഗബാധിതമായ ഭാഗത്തിന് പഴയനിറം കൈവരിക്കാന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.