പരിഷ്‌ക്കരിച്ച ഹോണ്ട ഏവിയേറ്റര്‍ പുറത്തിറങ്ങി
Honda
പരിഷ്‌ക്കരിച്ച ഹോണ്ട ഏവിയേറ്റര്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 9:26 pm

ന്യൂദല്‍ഹി: പരിഷ്‌ക്കരിച്ച ഏവിയേറ്റര്‍ ഹോണ്ട പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ്, അലോയ്, ഡ്രം, അലോയ്, ഡിസ്‌ക് എന്നീ മൂന്നു വകഭേദങ്ങളില്‍ ലഭിക്കുന്ന പുതിയ ഏവിയേറ്ററിന് 55,157 രൂപ മുതലാണ് എക്‌സ് ഷോറൂം വില.

നിലവിലുള്ള മോഡലിനെക്കാള്‍ 2,000 രൂപ കൂടുതലാണ് പുതിയ ഏവിയേറ്ററിന്. നവീകരിച്ച എല്‍.ഇ.ഡി ഹെഡ്ലാമ്പുകളാണ് ബൈക്കിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലില്‍ നീല ബാക്ക്ലിറ്റ് വെളിച്ചമാണ് തെളിയുക.

ലോഹനിര്‍മിത മഫ്ളര്‍ പ്രൊട്ടക്ടറും ഏവിയേറ്ററിലെ മാറ്റങ്ങളില്‍പ്പെടും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, സാധനങ്ങള്‍ കൊളുത്തിയിടാന്‍ ഉപകരിക്കുന്ന മുന്‍ പിന്‍ കൊളുത്തുകള്‍ എന്നിവ ഏവിയേറ്റിലെ മറ്റു സവിശേഷതകളാണ്.


Read:  പശ്ചിമബംഗാള്‍ ഇനി ‘ബംഗ്ലാ’ ; പേരുമാറ്റം ഉടന്‍


നിലവിലുള്ള ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങള്‍ക്ക് പുറമെ പുതിയ മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ജാസി ബ്ലൂ നിറങ്ങളിലും സ്‌കൂട്ടര്‍ അണിനിരക്കും.

മുന്‍ മോഡലിലുള്ള എന്‍ജിന്‍ തന്നെയാണ് 2018 ഏവിയേറ്ററിലും തുടരുന്നത്. 109.19 സി.സി നാലു-സ്ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിന് 8 ബി.എച്ച്.പി കരുത്തും 8.9 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.

സി.വി.ടി ഗിയര്‍ബോക്സ് മുഖേനയാണ് എന്‍ജിന്‍ കരുത്ത് പിന്‍ചക്രത്തിലെത്തുക. 82 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും സസ്പെന്‍ഷന്‍ നിറവേറ്റും.

ടി.വി.എസ് ജൂപിറ്റര്‍ ക്ലാസിക്, യമഹ ഫസീനോ എന്നിവരാണ് ഏവിയേറ്ററിന്റെ പ്രധാന എതിരാളികള്‍.