ന്യൂദല്‍ഹി: പുതിയ ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയില്‍ എത്തി. മൂന്ന് വകഭേദങ്ങളുമായാണ് ഹോണ്ട ആക്ടിവ 125 അവതരിപ്പിച്ചിട്ടുള്ളത്. 59,621 രൂപ വിലയില്‍ പ്രാരംഭ ഡ്രം ബ്രേക്ക് മോഡല്‍ അണിനിരക്കുമ്പോള്‍ ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയാണ് വില.
64,007 രൂപയാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ 125 ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വില. വിലകള്‍ ദല്‍ഹി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ ഹോണ്ട പരിഷ്‌കരിച്ചു.
ഇക്കോ മോഡ്, സര്‍വീസ് കാലയളവ് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ഫോര്‍ ഇന്‍ വണ്‍ ലോക്ക്, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് എന്നിവ പുതിയ സ്‌കൂട്ടറിന്റെ ഫീച്ചറുകളില്‍പ്പെടും.
ആക്ടിവ 5ജിയോട് സാമ്യത പുലര്‍ത്തുന്ന എല്‍.ഇ.ഡി ഹെഡ്ലാമ്പുകളാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് പുതിയ ക്രോം മഫ്ളറും ഗ്രെയ് അലോയ് വീലുകളും ഉപയോഗിച്ചിട്ടുണ്ട്.
മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന്‍ സില്‍വര്‍ നിറങ്ങളില്‍ കൂടി ആക്ടിവ 125 ലഭ്യമാകും. കോസ്മറ്റിക് അപ്ഡേറ്റുകള്‍ മാത്രമാണ് പുതിയ ആക്ടിവ 125ന് ഹോണ്ട നല്‍കിയിരിക്കുന്നത്. എന്‍ജിനില്‍ മാറ്റങ്ങളില്ല.
Also Read: ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം
124.9 സി.സി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ സ്‌കൂട്ടറില്‍ തുടരും. എന്‍ജിന് 8.5 ബി.എച്ച്.പി കരുത്തും 10.54 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ലോഹ നിര്‍മിത ബോഡി പാനലുകളാണ് ആക്ടിവ 125ന്.
പ്രാരംഭ, ഇടത്തര വകഭേദങ്ങളില്‍ 130 എം.എം ഡ്രം യൂണിറ്റുകളാണ് ഇരുടയറുകളിലും ബ്രേക്കിംഗ് നിര്‍വഹിക്കുക. 190 എം.എം മുന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ മോഡലിന്റെ ഒരുക്കം.
ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മൂന്ന് വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലുമുണ്ട്. വകഭേദങ്ങളിലെല്ലാം ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. വിപണിയില്‍ സുസുക്കി ആക്സസ് 125 സ്‌കൂട്ടറാണ് ആക്ടിവ 125 മോഡലിന്റെ പ്രധാന എതിരാളി.