ലണ്ടന്‍: ബ്രിട്ടണില്‍, ഇനി മുതല്‍ നിര്‍മിക്കുന്ന വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ചാര്‍ജിങ് പോയിന്റുകള്‍ വേണമെന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതലായിരിക്കും നിയമം പ്രാബല്യത്തില്‍ വരിക.
തിങ്കളാഴ്ച നടക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് കോണ്‍ഫറന്‍സില്‍ വെച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയമത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തും.
ഇത് നിയമമാവുന്നതോടെ ഓരോ വര്‍ഷവും രാജ്യത്ത് 1,45,000 ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്.
പുതുതായി നിര്‍മിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, നവീകരണപ്രവര്‍ത്തി നടക്കുന്ന മറ്റ് കെട്ടിടങ്ങള്‍ എന്നിവയ്ക്കും നിയമം ബാധകമായിരിക്കും.
2030 മുതല്‍ രാജ്യത്ത് പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കുന്നതോടെ ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാനൊരുങ്ങുകയാണ് ബ്രിട്ടണ്‍.
അതേസമയം പുതിയ നിയമത്തിനെതിരെ വിമര്‍ശനവുമുണ്ട്. നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. വെയ്ല്‍സ് പോലുള്ള ഇംഗ്ലണ്ടിന്റെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലണ്ടനില്‍ പബ്ലിക് കാര്‍ ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം കൂടുതലാണെന്നും ഇതിനെ അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് വിമര്‍ശകരുടെ വാദം.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
നിലവില്‍ രാജ്യത്ത് 25,000 ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ ആണുള്ളത്. 2030 ആകുമ്പോഴേക്കും ഇത് പത്തിരട്ടിയെങ്കിലും ആവണമെന്നാണ് മാര്‍ക്കറ്റ് അതോറിറ്റികള്‍ പറയുന്നത്.
പരിസ്ഥിതി മലിനീകരണത്തിന്റേയും കാര്‍ബണ്‍ പ്രസരണത്തിന്റേയും അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഇലക്്ടിക് വാഹനങ്ങളിലേയ്ക്ക് ചുവട് മാറ്റുന്നത്. 2019 രാജ്യത്തെ കാര്‍ബണ്‍ എമിഷന്റെ 16 ശതമാനവും കാറുകളില്‍ നിന്നും ടാക്‌സികളില്‍ നിന്നുമായിരുന്നു.
കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍, വോള്‍വോ 2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറാനൊരുങ്ങുകയാണ്. 2030 മുതല്‍ യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് ഫോര്‍ഡ് കമ്പനിയും പറഞ്ഞിട്ടുണ്ട്.
അതേസമയം 2035 ഓടുകൂടി ‘സീറോ എമിഷന്‍’ വാഹനങ്ങള്‍ മാത്രമേ വില്‍ക്കൂ എന്ന ഇക്കഴിഞ്ഞ കോപ് 26 കാലാവസ്ഥാ ഉച്ചകോടിയിലെ കരാറില്‍ ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ വോക്‌സ്‌വാഗന്‍, ടൊയോട്ട, റെനോള്‍ട്ട്‌ന നിസാന്‍, ഹ്യൂണ്ടായ് കിയ എന്നിവര്‍ ഒപ്പുവെച്ചിട്ടില്ല.
ബ്രിട്ടണിലെ ഇലക്ട്രിക് വാഹന വിപണിയും കുതിപ്പിലാണ്. 2018ല്‍ 2.5 ശതമാനം ഇലക്ട്രിക് കാറുകളുടെ വില്‍പന നടന്നപ്പോള്‍ 2020ല്‍ അത് 10 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.