രഞ്ജി ട്രോഫി അരുണാചല്‍ പ്രദേശിനെതിരെ ഹൈദരാബാദിന് വമ്പന്‍ ലീഡ്. ആദ്യദിനം അവസാനിക്കുമ്പോള്‍ 357 റണ്‍സിന്റെ ലീഡാണ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദിലെ ന്യൂജന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യദിവസം 172 റണ്‍സിന് അരുണാചല്‍ പ്രദേശ് ഓള്‍ ഔട്ട് ആവുകയായിരുന്നു.
അരുണാചലിന്റെ ടെച്ചി ഡോറിയ 127 പന്തില്‍ 97 റണ്‍സ് എടുത്ത് പിടിച്ചു നിന്നപ്പോള്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഇന്നിങ്‌സില്‍ നാടകീയമായ രംഗങ്ങളാണ് കാണാന്‍ സാധിച്ചത്. ആദ്യദിനത്തില്‍ തന്നെ വെറും 48 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സാണ് ഹൈദരാബാദ് നേടിയത്.
ഓപ്പണര്‍ തന്മയ് അഗര്‍വാളിന്റെ ഐതിഹാസിക പ്രകടനത്തിലാണ് ഹൈദരാബാദ് കൂറ്റന്‍സ് സ്‌കോറില്‍ എത്തിയത്. വെറും 160 പന്തില്‍ 33 ബൗണ്ടറികളും 21 സിക്‌സറുകളും പറത്തിയാണ് താരം 323 റണ്‍സ് നേടി പുറത്താകാതെ നിന്നത്. 201.87 എന്ന കൂറ്റന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം നിറഞ്ഞാടിയത്.
ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് തന്മയ് അഗര്‍വാള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ത്രിപ്പിള്‍ സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് അഗര്‍വാളിനെ തേടിയെത്തിയിരിക്കുന്നത്. 147 പന്തിലാണ് തന്മയ് പുതുചരിത്രം കുറിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 റണ്‍സ് നേടുന്ന താരം പന്തിന്റെ എണ്ണം
തന്മയ് അഗര്‍വാള്‍ – 147
മാര്‍ക്കോ മറായിസ് -191
കെന്‍ റൂദരഫോരഡ് – 234
വിവിയന്‍ റിച്ചാര്‍ഡ്‌സ് – 244
കുശാല്‍ പരേര – 244
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണായകമായ ഒരു നാഴികക്കല്ലാണ് തന്മയ് അഗര്‍വാള്‍ നേടിയെടുത്തത്. താരത്തിന്റെ അപ്രതീക്ഷിതമായ ഇന്നിങ്‌സ് കണ്ട് ഞെട്ടുകയാണ് ക്രിക്കറ്റ് ലോകം.
Content Highlight: New History of Rajni Trophy