ലണ്ടന്‍: കടുത്ത ഇസ്‌ലാമോഫോബിക് നയങ്ങള്‍ പിന്തുടരുന്നതിന് കുപ്രസിദ്ധി കേട്ട കിഷ്വാര്‍ ഫാക്‌നറിനെ പുതിയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത് യു.കെ.
ലോകത്താകമാനമുള്ള ഇസ്‌ലാമോഫോബിക് സമീപനങ്ങളെ ന്യായീകരിച്ച് കിഷ്വാര്‍ ഫാക്‌നര്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന് ഇസ്‌ലാമോഫോബിയക്ക് നല്‍കിയ നിര്‍വചനത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ഫാക്‌നര്‍.
ചൊവ്വാഴ്ചയാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ യു.കെ സര്‍ക്കാര്‍ ഫാക്‌നറിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. മുസ്‌ലിങ്ങള്‍ക്ക് എതിരെ ഉയരുന്ന പൊതുവികാരം അവരുടെ തീവ്ര മത നിലപാടുകള്‍ക്കൊണ്ടും മുസ്‌ലിങ്ങള്‍ക്കിടയിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണവുമാണെന്ന് ഫാക്‌നര്‍ പറഞ്ഞിരുന്നു.
സ്വയം മതേതര മുസ്‌ലിം എന്നു വിളിക്കുന്ന ഫാക്‌നര്‍ ഇസ്‌ലാമോഫോബിക് നിലപാടുകള്‍ക്ക് കുപ്രസിദ്ധമായ ഹെന്റി ജാക്‌സണ്‍ സൊസൈറ്റിയുടെ നിരവധി പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഡേവിഡ് ഗുഡ്ഹാര്‍ട്ട്, ജെസിക്ക ബുച്ചര്‍ എന്നിവരെ യു.കെയുടെ മനുഷ്യാവകാശ കമ്മീഷനിലേക്ക് തെരഞ്ഞെടുത്തതിന് സര്‍ക്കാര്‍ വംശീയ വിരുദ്ധ പ്രചാരകരില്‍ നിന്നും വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് ഫാക്‌നറിന്റെ നിയമനവും വരുന്നത്.
സര്‍ക്കാരിന്റെ വലതുപക്ഷ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നയാളാണ് ഡേവിഡ് ഗുഡ്ഹാര്‍ട്ട്. ജെസിക്ക ബുച്ചര്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് വിമര്‍ശനം നേരിട്ടിരുന്നു. മീറ്റൂ ക്യാമ്പയിനിനെതിരെയും ബുച്ചര്‍ നിലപാടെടുത്തിരുന്നു.
അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരെ പിന്തുണച്ചതിന് അന്വേഷണം നേരിടുന്നായാളാണ് മനുഷ്യാവകാശ കമ്മീഷന്റെ കമ്മീഷണറായ അലാസ്‌ദെയിര്‍ ഹെന്‍ഡേഴ്‌സണ്‍. ഇത്തരത്തില്‍ യു.കെയില്‍ മനുഷ്യാവകാശ കമ്മീഷനിലേക്ക് സര്‍ക്കാരിന്റെ തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്നവരെ മാത്രം തെരഞ്ഞെടുത്ത സര്‍ക്കാര്‍ നിലപാടുകള്‍ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഫാക്‌നറിന്റെ നിയമനവും.