[share]
[]നാഗ്പൂര്‍: ബലാത്സംഗക്കേസില്‍ ഇരകളെ ഇനി മുതല്‍ വിരല്‍ കടത്തിയുള്ള പരിശോധനയ്ക്ക് വിധേയമാക്കില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് തീരുമാനം.
ബലാത്സംഗക്കേസുകളിലെ ഇരകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടികളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്ന പെരുമാറ്റച്ചട്ടത്തിലാണ് വിരല്‍ കടത്തിയുള്ള പരിശോധന അവസാനിപ്പിയ്ക്കാന്‍ തീരുമാനമായിരിക്കുന്നത്.
വിരല്‍ കടത്തിയുള്ള പരിശോധന അശാസ്ത്രീയമാണെന്നും അത് അവസാനിപ്പിയ്ക്കണമെന്നും നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.
ഇരകളെ പരിശോധിയ്ക്കാനായി എല്ലാ ആശുപത്രികളിലും പ്രത്യേകം മുറി സജ്ജീകരിയ്ക്കാനും അവര്‍ക്ക് മാനസികമായ വിഷമതകളെ മറികടക്കാന്‍ കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.
പരിശോധനാ സമയത്ത് അവര്‍ക്ക് വേണ്ട വസ്ത്രം നല്‍കുക, സ്വകാര്യത സൂക്ഷിയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ചട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ചട്ടം കൊണ്ടു വന്നിരിയ്ക്കുന്നത്.
മുംബൈ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട പൊതുതാത്പര്യ ഹരജിയെ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യമന്ത്രാലയം പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിയ്ക്കുന്നത്.
ബലാത്സംഗക്കേസുകളിലെ ഇരകള്‍ പ്രാഥമിക പരിശോധനയുടെ ഭാഗമായി പോലീസിന്റെയും ഡോക്ടര്‍മാരുടെയും ഭാഗത്തു നിന്ന് ഏറെ അപമാനവും ബുദ്ധിമുട്ടും നേരിടുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് പ്രൈമറി ഹെല്‍ത് സെന്ററുകള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ ലഭ്യമാക്കാനും ഉടന്‍ നടപടികള്‍ ആരംഭിയ്ക്കും.