| Thursday, 30th September 2021, 2:49 pm

സ്‌കൂള്‍ തുറക്കല്‍; ആദ്യ മാസത്തില്‍ ഹാജരും സ്‌കൂള്‍ യൂണിഫോമും നിര്‍ബന്ധമാക്കില്ല, തുടങ്ങുന്നത് ഹാപ്പിനെസ് കരിക്കുലവുമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം. സ്‌കൂളുകള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ആദ്യം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ക്ലാസ്സുകളും പിന്നീട് പ്രത്യേക ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ച് പഠിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മാസത്തില്‍ ഹാജരും സ്‌കൂള്‍ യൂണിഫോമുകളും നിര്‍ബന്ധമാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലമാണ് പഠിപ്പിക്കുക. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാവുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടയ്ക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വിണാ ജോര്‍ജുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും വ്യാഴാഴ്ച ഇതിന്‍മേല്‍ കൂടൂതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയിലായിരിക്കും ക്ലാസ് മുറിയിലെ ക്രമീകരണം. ഇത് സംബന്ധിച്ചുള്ള കരട് മാര്‍ഗരേഖ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

കുട്ടികള്‍ കൂട്ടം ചേരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കില്ല. പകരം കുട്ടികള്‍ക്ക് അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ ആയിരിക്കും കുട്ടികളെ ക്ലാസില്‍ ഇരുത്തുക.

കൂട്ടം ചേരാനും അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടില്ല. ശരീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാനും സംവിധാനമൊരുക്കും എന്നിവയാണ് കരട് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: New Guidelines for School reopening in Kerala

We use cookies to give you the best possible experience. Learn more