| Saturday, 9th May 2020, 11:52 am

ടെസ്റ്റ് ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം ; കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം. നേരിയ രോഗലക്ഷണം ഉള്ളവരില്‍ മൂന്ന് ദിവസമായി പനി ഇല്ലെങ്കില്‍ പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ ടെസ്റ്റ് ചെയ്യാതെയും ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് നിര്‍ദേശം. എന്നാല്‍ വീട്ടില്‍ എത്തി ഏഴ് ദിവസം ഇവര്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണം.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം ഡിസ്ചാര്‍ജിന് മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും നിര്‍ദേശത്തിലുണ്ട്.

രോഗ തീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവരുടെ പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറുകയും ഓക്‌സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം.

എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പനി മാറാതിരിക്കുകയും ഓക്‌സിജന്‍ തെറാപ്പി തുടരുകയും ചെയ്യണമെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത് നീളും. രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറിയശേഷമായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക.

തീവ്രത കൂടിയ കേസുള്ളവരെ പി.സി.ആര്‍ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം മാത്രം ഡിസ്ചാര്‍ജ് ചെയ്യണം. ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ഡിസ്ചാര്‍ജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

രോഗം ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് രണ്ടുതവണയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ ഇനി ഗുരുതരമായി രോഗം ബാധിച്ച് പിന്നീട് ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് ഒരു കൊവിഡ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ആശുപത്രിയില്‍ എത്തുന്നവരേയും ഇതിനൊപ്പം എച്ച്.ഐ.വി, അവയവമാറ്റ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയരായ രോഗികള്‍ക്കും മാത്രം ഡിസ്ചാര്‍ജിന് മുന്‍പ് ഒരു ടെസ്റ്റ് ചെയ്താല്‍ മതി.

നിലവില്‍ ഡിസ്ചാര്‍ജിന് മുന്‍പ് രണ്ട് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുള്ളൂ. അതിലാണ് മാറ്റം വരുത്തിയത്.

നേരിയ രോഗലക്ഷണണമോ അണുബാധയോ കാരണം ചികിത്സ തേടുന്ന ആളുകളെ ഇത്തരത്തില്‍ പരിശോധിക്കേണ്ടതില്ലെന്നും മൂന്ന് ദിവസം വരെ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

എന്നാല്‍ നേരിയ രോഗലക്ഷണമുള്ളവരെ പരിശോധന നടത്താതെ വീട്ടിലേക്ക് അയക്കുന്നതില്‍ വെല്ലുവിളികളുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more