| Thursday, 17th October 2024, 12:17 pm

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്. ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി ചുമതലയേറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന് ശേഷമാവും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളുക.

കേരള ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലെഫ്. ഗവര്‍ണറാണ് അഡ്.ദേവേന്ദ്ര കുമാര്‍ ജോഷി.

ഇവര്‍ക്ക് പുറമെ കഴിഞ്ഞ തെരഞ്ഞടുപ്പുകളില്‍ സീറ്റ് ലഭിക്കാത്ത പല നേതാക്കളേയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ആരിഫ് മുഹമ്മദ് ഖാന് പുറമെ മലയാളിയായ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം ഉണ്ടാകും.

നിലവില്‍ അഞ്ച് വര്‍ഷമായി കേരളത്തിന്റെ ഗവര്‍ണറായി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാന് മറ്റ് ചുമതലകള്‍ ലഭിക്കുമെന്നാണ് സൂചന. നവികസേന മുന്‍ മേധാവി കൂടെയായ ദേവേന്ദ്ര കുമാര്‍ ജോഷിയെ ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.

നാല് വര്‍ഷത്തോളമായി ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കായിരുന്നു കശ്മീരിന്റെ ഭരണച്ചുമതല. ആര്‍.എസ്.എസ് നേതാവായ റാം മാധവ് ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറായി ചുമതലയേറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുടെ മുന്‍ ദേശീയ സെക്രട്ടറിയാണ് റാം മാധവ്. ഈ വര്‍ഷത്തെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അമരക്കാനുമായിരിന്നു ഇദ്ദേഹം.

ആരിഫ് മുഹമ്മദ് ഖാന് പുറമെ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി എന്നിവര്‍ക്കും സ്ഥാനമാറ്റമുണ്ടാവും.

Content Highlight: New Governor for Kerala; Arif Muhammad Khan was replaced by Adm. Devendra Kumar Joshi may become the Governor of Kerala

We use cookies to give you the best possible experience. Learn more