| Wednesday, 29th November 2017, 12:55 pm

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ബൃഹത് പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

19 കാരിയായ ഗായത്രി ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് നാലുവര്‍ഷത്തിലേറെയായി ചികിത്സയിലാണ്. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ വൃക്ക എപ്പോള്‍ വേണമെങ്കിലും ലഭിച്ചേക്കുമെന്നും ശസ്തക്രിയയ്ക്കായുളള പണം സ്വരൂപിച്ചുവെക്കാനുമാണവര്‍ പറഞ്ഞത്. ഭിക്ഷാടനമടക്കം നടത്തി ചികിത്സയ്ക്കായി പണം സ്വരുക്കൂട്ടിവെച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി. പക്ഷേ ഇപ്പോഴും ഗായത്രിയും കുടുംബവും കാത്തിരിപ്പിലാണ്.

തിരുവന്തപുരം ജില്ലയിലെ ബാലരാമപുരം ഐങ്കോട്ടുകോണം സ്വദേശിയാണ് ജി.ഗായത്രി. നാലര വര്‍ഷത്തോളമായി ഡയാലിസിസിലൂടെയാണ് ഗായത്രി ജീവന്‍ നിര്‍ത്തുന്നത്. അമ്മയും ഏക സഹോദരനുമടങ്ങുന്നതാണ് ഗായത്രിയുടെ കുടുംബം. അമ്മയുടെ രക്തഗ്രൂപ്പ് ഗായത്രിയുടേതുമായി മാച്ച് ചെയ്യുമെങ്കിലും കടുത്ത പ്രമേഹ രോഗിയായ ഗീതയ്ക്ക് മകള്‍ക്ക് വൃക്ക നല്‍കാന്‍ സാധിക്കില്ല. ഇതോടെയാണ് അവയവദാനത്തിനുള്ള സര്‍ക്കാറിന്റെ പദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ചികില്‍സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനായി ഭിക്ഷയെടുക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഗായത്രി ചികില്‍സാ സഹായ ഫണ്ട് രൂപീകരിക്കുകയും ശസ്ത്രിക്രിയയ്ക്കുള്ള പണം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ച് പരസഹായമില്ലാതെ നടക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ പെണ്‍കുട്ടിയിപ്പോള്‍. സാമ്പത്തിക ബുദ്ധിമുട്ടും രോഗവും മൂലം പഠനം പാതിവഴിയില്‍ മുടങ്ങിയ ഗായത്രി ഇപ്പോള്‍ പൂജപ്പുര സാമൂഹിക നീതിവകുപ്പിന്റെ ഒരു അഭയകേന്ദ്രത്തിലാണ്.

ഇത്തരത്തില്‍ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനം കുറയുന്നതും ജീവിച്ചരിക്കുന്നവര്‍ അവയവദാനത്തിന് സന്നദ്ധമാകാത്തതും മൂലം നിരവധി രോഗികളാണ് സര്‍ക്കാറിന്റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വൃക്ക മാറ്റിവെക്കലിനു മാത്രമായി 1640 പേരാണ് കാത്തിരിക്കുന്നതെന്ന് കെ.എന്‍.ഒ.എസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

2012 മുതലാണ് കേരളത്തില്‍ അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ രൂപീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി അവയവദാനത്തിന് സന്നദ്ധരായവരുടൈ എണ്ണം തുടര്‍ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരികയുമുണ്ടായി.

2012ല്‍ ഒമ്പത് പേരിലൂടെ 22 അവയവദാനങ്ങള്‍ നടന്നപ്പോള്‍ 2015 ല്‍ 76 പേരില്‍ നിന്നായി 218 അവയവങ്ങള്‍ നിരവധി പേര്‍ക്ക് ആശ്വാസമേകി. 2016ല്‍ ജനസംഖ്യാനിരക്കിന് ആനുപാതികമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണാനന്തര അവയവദാനം നടന്ന സംസ്ഥാനെമെന്ന ഖ്യാതിയും കേരളം സ്വന്തമാക്കി. എന്നാല്‍ 2017 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ മാറി. അവയവദാനം ഏറ്റവും കുറഞ്ഞ ഒരു വര്‍ഷമായി മാറുകയായിരുന്നു ഈ വര്‍ഷം.

അവയവദാനത്തെക്കുറിച്ചുള്ള അജ്ഞത, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജ പ്രചരണങ്ങള്‍, അവയവം മാറ്റിവെക്കല്‍ പ്രക്രിയയുടെ സങ്കീര്‍ണ്ണതകള്‍, ബോധവല്‍ക്കരണത്തിന്റെ അഭാവം, സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ കുറഞ്ഞു വരുന്നത് തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാനത്തിന്റെ ഗുണം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുമായി ബൃഹത് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ശസ്ത്രക്രിയയുടെയും തുടര്‍ ചികിത്സയുടെയും ചിലവ് ഏകീകരിക്കുകയും മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതുള്‍പ്പെടെ വിവിധ പദ്ധതികളാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാ മിഷന്‍ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്-

മൃതദേഹം വിട്ടു നല്‍കുന്നതിനുള്ള സമയദൈര്‍ഘ്യം ഒഴിവാക്കുക

മസ്തിഷ്‌ക മരണം സംഭവിച്ച് അവയവദാനത്തിന് സമ്മതപത്രം നല്‍കിയാല്‍ മൃതദേഹം വിട്ടു നല്‍കുന്നതിനുള്ള സമയദൈര്‍ഘ്യം കുറയ്ക്കുന്നതിനാണ് പദ്ധതിയില്‍ പ്രധാന ഊന്നല്‍ നല്‍കുന്നത്. ഹൃദയം മാറ്റിവയ്ക്കലാണ് നടക്കുന്നതെങ്കില്‍ ദാതാവില്‍ നിന്നും അവയവം വേര്‍പെടുത്തി നാലു മുതല്‍ ആറു മണിക്കൂറിനകം നിര്‍ദ്ദിഷ്ട രോഗിയില്‍ വച്ചുപിടിപ്പിച്ചിരിക്കണം. കരളും ശ്വാസകോശവും ഇത്തരത്തില്‍തന്നെയാണ് വച്ചുപിടിപ്പിക്കേണ്ടത്, വൃക്കകള്‍ 12 മണിക്കൂറിനുള്ളിലും. എന്നാല്‍ നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം അപ്രതീക്ഷിതമായി ഉണ്ടാകുന്ന മസ്തിഷ്‌കമരണവും പെട്ടെന്നു നടത്തേണ്ട അവയവദാനവും പലപ്പോഴും നീണ്ടു പോകാറുണ്ട്. ഇതുമൂലം അവയവദാനം ഉപേക്ഷിക്കാന്‍ വരെ ബന്ധുക്കള്‍ നിര്‍ബന്ധിതരായിത്തീരുന്നു.

മസ്തിഷ്‌ക മരണം നടക്കുന്ന വേളയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഡോക്ടര്‍മാരെയും ക്യാമറാസംഘത്തെയും എത്തിക്കേണ്ട ചുമതല മരണം സംഭവിക്കുന്ന ആശുപത്രിക്കാണ്. ഈ പ്രക്രിയ മണിക്കൂറുകളോളം നീണ്ടേക്കും. ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സേവനവും ഇതിനായി മാറ്റിവെയ്ക്കണം. മാത്രമല്ല പരിശോധനകളുടെ വീഡിയോ എടുക്കുന്നതിനോട് ഡോക്ടര്‍മാര്‍ പലപ്പോഴും വിമുഖത കാണിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് അവയവ മാറ്റ ശസ്ത്രക്രിയ നടത്താന്‍ 36 മുതല്‍ 40 മണിക്കൂര്‍ വരെയെടുക്കാറുണ്ട്. ഈയൊരു പ്രക്രിയയുടെ നടപടികള്‍ എളുപ്പത്തിലാക്കി കൂടുതല്‍ പേര്‍ക്ക് അവയവദാനത്തിന്റെ സാധ്യതകള്‍ ഉപയുക്തമാകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.


മൃതസഞ്ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനിക വല്‍ക്കരിക്കുക

“share organs save lives” എന്ന ആപ്തവാക്യവുമായി ആരംഭിച്ച കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (മൃതസഞ്ജീവനി) വഴിയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മരണാനന്തര അവയവദാനം നടത്തുന്നത്. 1994ല്‍ ലോക്സഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്.

മസ്തിഷ്‌ക മരണമുറപ്പായ രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയാറാണെങ്കില്‍ ആ വിവരം ആദ്യം ഡോക്ടറെ അറിയിക്കുക. ഡോക്ടര്‍ ആ വിവരം കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (കെ.എന്‍.ഒ.എസ്) ന് കൈമാറും. റജിസ്റ്റര്‍ ചെയ്ത രോഗികളില്‍നിന്ന് മുന്‍ഗണനാ ക്രമത്തിലാണ് അവയവം സ്വീകരിക്കാനുള്ള രോഗിയെ തിരഞ്ഞെടുക്കുക. രോഗി റജിസ്റ്റര്‍ ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയുമാണ് രീതി.

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ച പരിശോധിക്കും. കൂടാതെ അവയവ ചേര്‍ച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ്മാച്ച് ടെസ്റ്റുമുണ്ട്. 25 ശതമാനത്തിലധികം വ്യത്യാസമുണ്ടായാല്‍ അവയവമാറ്റം സാധ്യമല്ല. അവയവങ്ങള്‍ തമ്മില്‍ മാച്ചായാല്‍ ദാതാവില്‍ നിന്നു അവയവങ്ങള്‍ വേര്‍പെടുത്തി സ്വീകര്‍ത്താവില്‍ വച്ചുപിടിപ്പിക്കാനാകും. എന്നാല്‍ മൃതസഞ്ജീവനിയുടെ നടപടിക്രമങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കാനുള്ള സാങ്കേതിക പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്.


സാമ്പത്തിക സുരക്ഷ

മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നതിനായും സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള പ്രത്യേക പദ്ധതികളും സാമ്പത്തികം കണക്കിലെടുക്കാതെയുള്ള പൊതുവായ സഹായ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ച കുടുംബനാഥന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെങ്കില്‍ മരണാന്തര ചടങ്ങുകള്‍ക്കും മൃതദേഹം വീട്ടിലെത്തിക്കുന്നതിനുമായി നിശ്ചിത തുക അടിയന്തിര സഹായം അനുവദിക്കും. കുടുംബത്തിന്റെ ഏക ആശ്രയമാണ് ദാതാവെങ്കില്‍ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉള്‍പ്പെടെ സാമൂഹിക സുരക്ഷാ മിഷന്‍ വഴി സഹായം അനുവദിക്കും.

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി കുടുംബത്തിന്റെ ഏക ആശ്രയമാണെങ്കില്‍ അടിയന്തിര സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികളും വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റൊരു പ്രധാന പദ്ധതിയാണ് കുടുംബാംഗങ്ങളുടെ ചികില്‍സയ്ക്കായുള്ള സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതിനായുള്ള പ്രീമിയം തുക സര്‍ക്കാര്‍ വഹിക്കും. കുടുംബനാഥന്റെ വേര്‍പാടുമൂലം ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.

മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനം ചെയ്യാനുള്ള നടപടികള്‍ ലഘൂകരിക്കുന്ന പദ്ധതികളും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. അവയവം സ്വീകരിച്ചവരുടെയും ജീവിച്ചിരിക്കെ അവയവം ദാനം ചെയ്തവരുടെയും തുടര്‍ചികിത്സാ ചെലവുകള്‍ കുറയ്ക്കുകയും അത്തരക്കാരെ പ്രത്യേക വിഭാഗമായിക്കണ്ട് കാരുണ്യ പദ്ധതി വഴി മരുന്ന് നല്‍കല്‍, ജനറിക് മരുന്ന് ലഭ്യമാക്കല്‍ തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.

അവയവമാറ്റം എന്നത് വളരെ ചിലവേറിയതാണ്. തുടര്‍ ചികില്‍സകളും വിലയേറിയ മരുന്നുകളും പുനരധിവാസവും നിര്‍ധനരായരോഗികളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലപ്പുറമാണ്. മരുന്നിനു മാത്രമായി 20000 രൂപ വരെ ഒരു മാസം ചിലവാകും.

അവയവദാനത്തിന്റെ മഹത്വം

അവയവദാനത്തിന്റെ മഹത്വം കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള പ്രചാരണ പരിപാടികളും അവയവദാനം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കാനും പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. നമ്മുടെ ശരീരരത്തില്‍ മറ്റു എട്ടു പേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായ പ്രധാന അവയവങ്ങളും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 30ലേറെ മറ്റു ഭാഗങ്ങളും ഉണ്ട്. മാത്രമല്ല ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളും മാറ്റിവെക്കാനുതകുന്ന തരത്തില്‍ വൈദ്യശാസ്ത്രം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നത് റോഡപകടങ്ങളിലൂടെയാണ്. എന്നാല്‍ അവയവദാനത്തിന് സന്നദ്ധമാവുന്ന മസ്തിഷ്‌ക മരണ രോഗികളുടെ എണ്ണം ഇതിന്റെ നാലിലൊന്നു പോലുമില്ല. പ്രതിവര്‍ഷം പതിനായിരങ്ങളാണ് കേരളത്തില്‍ അവയവം ലഭിക്കാതെ മരണമടയുന്നത്.

അജ്ഞതയും വ്യാജപ്രചരണങ്ങളും മൂലം അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണിപ്പോള്‍. അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ ശരീരം അവയവദാനത്തിനായി സന്നദ്ധമാക്കുന്ന ഡോക്ടര്‍മാര്‍, അവയവദാനത്തിനായി രോഗികളെ മനപ്പൂര്‍വ്വം കൊല്ലുകായാണെന്ന തരത്തിലുള്ള നിരവധി കഥകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുകയുണ്ടായി. തങ്ങളെ കൊലയാളികളായി ചിത്രീകരിക്കുന്നതു മൂലം ഇതില്‍ നിന്നും വിട്ടു നില്‍ക്കേണ്ടുന്ന തരത്തിലുള്ള മനോനിലയിലേക്ക് തങ്ങള്‍ എത്തിപ്പെടുകയുണ്ടായെന്ന് പല ഡോക്ടര്‍മാരും വെളിപ്പെടുത്തുകയുണ്ടായി. മാത്രമല്ല അവയവ മാറ്റത്തിനായി ലക്ഷങ്ങള്‍ ചിലവു വരുന്നതുകൊണ്ടു തന്നെ അവയവദാനത്തെ കച്ചവടമാക്കി മാറ്റുന്ന എന്ന തരത്തിലും സന്ദേശങ്ങള്‍ പ്രചരിക്കുകയുണ്ടായി.

Image result for മൃതസഞ്ജീവനി

ആരോപണങ്ങളും വിവാദങ്ങളും ശക്തമായതോടെ, കഴിഞ്ഞ ഫെബ്രുവരിയില്‍, മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനുള്ള പരിശോധനാ നടപടികള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി. മരണം നടക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ക്കൊപ്പം പുറത്തുനിന്ന് മൂന്ന് ഡോക്ടര്‍മാര്‍ കൂടി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇതിലൊരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണം. പരിശോധനകളുടെ വീഡിയോ പകര്‍ത്തണം. വെന്റിലേറ്റര്‍ നീക്കം ചെയ്യുമ്പോള്‍ ശ്വസിക്കാത്തത് മരണം മൂലമാണെന്ന് ഉറപ്പാക്കുന്ന പെരിഫെറല്‍ നേര്‍വ് സ്റ്റിമുലേഷന്‍ ടെസ്റ്റ് നടത്തണം തുടങ്ങി നിരവധി നിബന്ധനകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയുണ്ടായി. പുതിയ സര്‍ക്കാര്‍ ഉത്തരവ് അവയവദാനത്തിലും മസ്തിഷ്‌കമരണ സ്ഥിരീകരണത്തിലും കൂടുതല്‍ വ്യക്തത കൊണ്ടുവന്നുവെങ്കിലും വാട്‌സആപ്പ് പോലെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

അവയവദാനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകതോതില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ലക്ചററും ഡോക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് സഹസ്ഥാപകനുമായ ഡോ. ജിനേഷ് പി.എസ് പറഞ്ഞു. വ്യാജ സന്ദേശങ്ങള്‍ കാരണം അവയവം മാറ്റി വെക്കാനുള്ള ആവശ്യക്കാരുടെ ലിസ്റ്റ് നീണ്ടു കിടക്കുകയാണ്. അവയവദാനത്തിനായി വെന്റിലേറ്ററില്‍ കിടക്കുന്ന മരിക്കാത്ത രോഗികള്‍ക്ക് മസ്തിഷകമരണം സംഭവിച്ചു എന്ന് നുണ പറഞ്ഞ് ഡോക്ടര്‍മാര്‍ അവരുടെ ജീവനെടുക്കുന്നു എന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങളാണ് പലപ്പോഴും പ്രചരിക്കുന്നത്. മനപ്പൂര്‍വ്വം റോഡപകടങ്ങളില്‍ പെടുത്തി അപടത്തില്‍ പെട്ടവരുടെ അവയവങ്ങള്‍ അടിച്ചു മാറ്റുന്നു എന്ന തരത്തിലുള്ള പ്രചണവും നടക്കുന്നു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ ഞങ്ങളെ പോലുള്ളവര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും അതൊന്നും വിലപ്പാവാറില്ലെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും

അവയവം ദാനം ചെയ്യാനായി ഏതെങ്കിലും വ്യക്തി സന്നദ്ധമായാല്‍ തന്നെയും നിര്‍ധന രോഗികളെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഭീമമായ സാമ്പത്തിക ചിലവ് താങ്ങാവുന്നതിലപ്പുറമാണ്. ഇതു മൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുകയോ അനന്തമായി കാത്തിരിക്കുകയോ മാത്രമേ വഴിയുള്ളൂ. “അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായ ഒരു കിഡ്‌നി പേഷ്യന്റിന്റെ ബന്ധു ഈയടുത്ത് എന്നെ വിളിച്ച് തങ്ങളിപ്പോള്‍ ചികില്‍സിക്കുന്നത് പുഷ്പഗിരി ഹോസ്പിറ്റലിലാണെന്നും കെ.എന്‍.ഒ.എസിന്റെ മുന്‍ഗണനാ ലിസ്റ്റിലെ അവസരം നഷ്ടപ്പെടാതെ ചികില്‍സ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. സാമ്പത്തികമായിരുന്നു അവരുടെ പ്രശ്‌നമെന്നും ഡോ. ജിനേഷ് പറഞ്ഞു. ഇതുപോലെ നിരവധി രോഗികളാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ചികില്‍സയ്ക്കായി ബുദ്ധിമുട്ടുന്നത്.

മാത്രമല്ല മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാന്‍ മാത്രം പതിനായിരങ്ങളാണ് ചിലവു വരുന്നത്. ഇതിന്റെയെല്ലാം ചിലവുകള്‍ വഹിക്കേണ്ടത് സ്വീകര്‍ത്താവാണ്. അതുകൊണ്ടു തന്നെ അവയവമാറ്റ കേന്ദ്രങ്ങളിലെ രോഗിക്കാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെങ്കില്‍ ഒരു വൃക്കയും കരളും അവിടുത്തെ രോഗിക്ക് എടുക്കാമെന്ന വ്യവസ്ഥയോടൊപ്പം ഒരു വൃക്ക നിര്‍ബന്ധമായും സര്‍ക്കാര്‍ ആശുപത്രിയിലെ രോഗിക്ക് നല്‍കണമെന്ന രീതിയില്‍ വ്യവസ്ഥ ചെയ്യും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ കരള്‍ മാറ്റിവെക്കല്‍ സൗകര്യം പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 20 മുതല്‍ 30 ലക്ഷം രൂപ വരെ ചെലവുവരുന്ന കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ക്കൂടി കാര്യക്ഷമമാകുന്നതോടെ ഇത് നിര്‍ധനായ കൂടുതല്‍ രോഗികള്‍ക്ക് സഹായകരമാവും.

അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമുള്ള ക്ഷേമപദ്ധതികള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് നിലവാരം നിശ്ചയിക്കുകയും അവയവം മാറ്റിവെച്ചവരുടെ വിവരം ശേഖരിച്ച് ഡിജിറ്റല്‍ ഡേറ്റാബാങ്കിന് രൂപംനല്‍കാനുള്ള പദ്ധതികളും സര്‍ക്കാറിന്റെ ആലോചനയിലുണ്ട്.

We use cookies to give you the best possible experience. Learn more