കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്നതില്‍ ബെനഡിക്ട് 16ാമന് വീഴ്ച പറ്റി; മുന്‍ മാര്‍പ്പാപ്പക്കെതിരെ ജര്‍മനിയില്‍ റിപ്പോര്‍ട്ട്
World News
കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്നതില്‍ ബെനഡിക്ട് 16ാമന് വീഴ്ച പറ്റി; മുന്‍ മാര്‍പ്പാപ്പക്കെതിരെ ജര്‍മനിയില്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 9:03 am

ബര്‍ലിന്‍: കത്തോലിക്കാ സഭക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിലും ഇതിനെതിരെ നടപടിയെടുക്കുന്നതിലും മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്.

1980കളില്‍ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരിക്കെ ലൈഗികപീഡന ആരോപണത്തില്‍ പെട്ട നാല് പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബെനഡിക്ട് 16ാമന്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കത്തോലിക്കാ സഭയ്ക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജര്‍മനിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇദ്ദേഹം നിഷേധിച്ചതായും വാര്‍ത്തയുണ്ട്. ബി.ബി.സിയാണ് ഇക്കാര്യം പറയുന്നത്.

ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫല്‍ സ്പില്‍കെര്‍ വാസ്ല്‍ (ഡബ്ല്യു.എസ്.ഡബ്ല്യു) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1945നും 2019നും ഇടയില്‍ മ്യൂണിക്, ഫ്രെയ്സിംഗ് എന്നീ അതിരൂപതകളില്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്, ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും അതിരൂപതകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന്‍ (സിവിലിയന്‍ പേര് ജോസെഫ് റാത്സിംഗെര്‍) ആയിരുന്നു 1977 മുതല്‍ 1982 വരെ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്. അതുകൊണ്ടാണ് ഇദ്ദേഹം അന്വേഷണത്തിന് കീഴില്‍ വന്നത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ ബെനഡിക്ട് 16ാമന്‍ പ്രതികരിച്ചതായും വാര്‍ത്തയുണ്ട്. ”പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കാര്യം ഞെട്ടലുണ്ടാക്കുന്നതാണ്, നാണം കെടുത്തുന്നതാണ്,” എന്ന് ഇദ്ദേഹം പ്രതികരിച്ചതായി വക്താവ് ജോര്‍ജ് ഗെയ്ന്‍സ്‌വെയ്ന്‍ പറഞ്ഞു.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനെപ്പറ്റി അറിവില്ലെന്നും ബെനഡിക്ട് 16ാമന്‍ പറഞ്ഞതായി വക്താവ് പറഞ്ഞു.

പീറ്റര്‍ ഫുള്ളര്‍മാന്‍ എന്ന പീഡോഫൈല്‍ പുരോഹിതന്‍ ബെനഡിക്ട് 16ാമന്‍ ആര്‍ച്ച്ബിഷപായിരിക്കെ മ്യൂണിക് അതിരൂപതയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നിരുന്നു. 11 വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചന്നെ് ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു.

എന്നാല്‍ ബെനഡിക്ട് 16ാമന്‍ ഇയാള്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും മ്യൂണിക് അതിരൂപതയില്‍ അയാള്‍ക്ക് വിവിധ പൗരോഹിത്യ ജോലികള്‍ ഏല്‍പ്പിച്ച് നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

1980ല്‍ പീറ്റര്‍ ഫുള്ളര്‍മാനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ ബെനഡിക്ട് 16ാമന്‍ പങ്കെടുത്തില്ല എന്നും ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും, പീഡനത്തിന് ഇരകളായവരുടെ കാര്യത്തില്‍ ഇദ്ദേഹത്തിന് യാതൊരു താല്‍പര്യവുമുണ്ടായതായി തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നേരത്തെ ഡബ്ല്യു.എസ്.ഡബ്ല്യുവില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി 94കാരനായ മുന്‍ മാര്‍പ്പാപ്പ 82 പേജുകളുള്ള പ്രസ്താവന നല്‍കിയിരുന്നു. ജര്‍മന്‍ മാധ്യമങ്ങളായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2005 മുതല്‍ 2013 വരെയായിരുന്നു ബെനഡിക്ട് 16ാമന്‍ മാര്‍പ്പാപ്പയായിരുന്നത്. 2013ല്‍ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. 600 വര്‍ഷത്തെ ചരിത്രത്തില്‍ മാര്‍പ്പാപ്പ സ്ഥാനത്ത് നിന്നും സ്വയം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പ്പാപ്പ കൂടിയായിരുന്നു ബെനഡിക്ട് 16ാമന്‍.

നിരവധി ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ തുടര്‍ച്ചയായി പുറത്തുവന്നിരുന്നു.

കുട്ടികള്‍ക്കെതിരായി സഭക്കുള്ളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളങ്ങളെക്കുറിച്ച് 2018ല്‍ ജര്‍മന്‍ ബിഷപ് കോണ്‍ഫറന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജര്‍മനിയില്‍ 1946നും 2014നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 കുട്ടികളെ 1670 പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New German report says former Pope Benedict failed to act over child abuse case