മലയാള സിനിമക്ക് ഇന്ത്യ മുഴുവന്‍ ബഹുമാനം നേടിത്തന്നത് പുതിയ തലമുറയിലെ സിനിമാക്കാരാണ്: റാഫി
Entertainment news
മലയാള സിനിമക്ക് ഇന്ത്യ മുഴുവന്‍ ബഹുമാനം നേടിത്തന്നത് പുതിയ തലമുറയിലെ സിനിമാക്കാരാണ്: റാഫി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th July 2023, 3:40 pm

മലയാള സിനിമക്ക് ഇന്ത്യ മുഴുവന്‍ റെസ്പക്ട് നേടിത്തന്നത് പുതിയ തലമുറ സിനിമാക്കാരാണെന്ന് സംവിധായകന്‍ റാഫി. പുതിയ തലമുറയിലെ സിനിമാക്കാര്‍ അവര്‍ക്ക് പറയാനുള്ളത് തുറുന്നു പറയുന്നുണ്ടെന്നും അത് സിനിമയില്‍ പ്രകടിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയില്‍ സിനിമക്കാര്‍ കഴിവും ധൈര്യവുമുള്ള ആളുകളാണെന്നും റാഫി പറഞ്ഞു.

‘മലയാള സിനിമയുടെ സൗഭാഗ്യമാണ് ഇപ്പോള്‍ സിനിമയിലുള്ള പുതിയ തലമുറ. നല്ല കഴിവും ധൈര്യവുമുള്ള ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ വരുന്ന സമയത്ത് എന്തെങ്കിലും തുറന്ന് പറയാനൊക്കെ പേടിയായിരുന്നു. ആരും ഒന്നും പറയാറില്ലായിരുന്നു. എല്ലാവരും പറയാതെ പറഞ്ഞ് പോകുന്നവരായിരുന്നു. പുതിയ തലമുറ അതല്ല. അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പറയാനും അത് സിനിമയില്‍ കൊണ്ടുവരാനുമൊക്കെയുള്ള ധൈര്യമുണ്ട്. അതിന്റെ റിസള്‍ട്ടാണ് ഇന്ന് മലയാള സിനിമക്ക് ഇന്ത്യ മുഴുവന്‍ ലഭിക്കുന്ന നല്ല റെസ്പക്ട്. ആ റെസ്പക്ട് നേടിത്തന്നത് ഈ പുതിയ കുട്ടികളാണ്.

മലയാള സിനിമക്ക് എന്നും അതിന്റേതായിട്ടുള്ള മൂല്യമുണ്ട്. പക്ഷെ ഇടക്കാലത്ത് മറ്റു സിനിമകളൊക്കെ വളര്‍ന്നു. അവര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാന്‍ പറ്റുകയും വലിയ സിനിമകള്‍ ചെയ്യാനും തുടങ്ങി. ഹോളിവുഡ് സിനിമകളുടെ നിലവാരത്തിലുള്ള സിനിമകള്‍ ചെയ്യാനുള്ള ബഡ്ജറ്റ് അവര്‍ക്കുണ്ട്. മലയാളം ഒരു ചെറിയ സ്‌പേസില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. പക്ഷെ ആ ബഡ്ജറ്റ് കൂട്ടാതെ തന്നെ അതിനോടൊപ്പം നില്‍ക്കാന്‍ പറ്റുന്ന സിനിമകളുണ്ടാക്കാന്‍ പറ്റി എന്നുള്ള പുതിയ തലമുറയുടെ ഏറ്റവും വലിയ കാര്യം.

പുതിയ ആളുകളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്കിഷ്ടമാണ്. അവര്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ ഞാന്‍ പോകാറുണ്ട്. അങ്ങനയേ അവരുടെ ഫിലിംമേക്കിങ് കാണാന്‍ കഴിയുകയുള്ളൂ. പണ്ടൊക്കെ ഒരു സിനിമയുടെ സെറ്റില്‍ ഓരോ ഷോട്ടുകള്‍ക്കിടയിലും എല്ലാവരും കൂടിയിരുന്ന് പലതരത്തിലുള്ള കഥകള്‍ പറയുമായിരുന്നു. എന്നാല്‍ പുതിയ തലമുറയിലുള്ളവര്‍ അവിടെയും സിനിമയെ കുറിച്ചാണ് സംസാരിക്കുന്നത്. അടുത്ത ഷോട്ടിനെ കുറിച്ചും സീനിനെ കുറിച്ചുമൊക്കെയാണ് അവര്‍ എല്ലായിപ്പോഴും സംസാരിക്കുന്നത്. ചില സെറ്റുകളില്‍ പോയാല്‍ അവര്‍ പരസ്പരം വിളിക്കുന്നത് കഥാപാത്രങ്ങളുടെ പേരായിരിക്കും. അവര്‍ സിനിമയില്‍ അത്രയും ഇന്‍വോള്‍വ്ഡാണ്.

പണ്ടൊരു ഷോട്ടെടുക്കുമ്പോള്‍ ഈ ഷോട്ട് എങ്ങനെയിരിക്കുമെന്ന് നമ്മള്‍ അറിയുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്. പ്രിന്റ് ചെയ്ത് വന്ന് എഡിറ്റിങ്ങിന് മുമ്പായിട്ടാണ് നമ്മള്‍ ആ വിഷ്വല്‍സ് കാണുന്നത്. അതിന് മുമ്പ് കാണാന്‍ ഒരു നിവൃത്തിയുമില്ല. ഊഹം വെച്ചിട്ടാണ് എല്ലാം ചെയ്യുന്നത്. ഷോട്ട് എടുക്കുന്നതിന് മുമ്പ് ക്യാമറയിലൂടെ സംവിധായകന് കാണാമെങ്കിലും അത് എടുത്തിരിക്കുന്നത് എങ്ങനെ എന്നറിയുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്. ഇന്ന് അതല്ല. അപ്പോള്‍ തന്നെ കാണാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. ആ രീതിയില്‍ സിനിമ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. വളരുമ്പോള്‍ എല്ലാവര്‍ക്കും ജോലി എളുപ്പമാകുകയാണ് ചെയ്യുന്നത്,’ റാഫി പറഞ്ഞു.

content highlights: new generation of filmmakers who have earned the respect of Malayalam cinema all over India: Rafi