| Sunday, 16th July 2023, 11:56 pm

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പുതിയൊരു തട്ടിപ്പ് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ദല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ വഞ്ചിച്ചെന്നാണ് പരാതി.

ക്രൈം നമ്പര്‍ 1202/2023 പ്രകാരമാണ് തൃക്കാക്കര പൊലീസ് ഷാജന്‍ സ്‌കറിയക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി സെക്ഷന്‍ 420, 468, 471 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പി.വി. അന്‍വര്‍ എം.എല്‍.എയാണ് പുതിയ കേസിന്റെ വിശദാംശങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ ഡി.ജി.പി.ക്ക് പരാതി നല്‍കിരുന്നു.

കേരള പൊലീസിന്റെ വയര്‍ലെസ് മെസേജ് ചോര്‍ത്തി വാര്‍ത്ത ചെയ്തെന്നാണ് അന്‍വര്‍ പരാതി നല്‍കിയത്. പൊലീസ് സേനയുടെ വയര്‍ലെസ് മെസേജ് ചോര്‍ത്തിയെന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്നും ഇത്രയും അതീവ രഹസ്യമായ വിവരങ്ങള്‍ എങ്ങനെ ലഭിച്ചു എന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് മെസേജുകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഷാജന്‍ സ്‌കറിയയുടെ പക്കലുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് കാട്ടി പ്രധാനമന്ത്രിക്കും പി.വി. അന്‍വര്‍ മെയില്‍ അയച്ചിരുന്നു. സംഭവത്തില്‍ 2021 ഏപ്രിലില്‍ അന്‍വര്‍ ഷാഹിദ് എന്നയാളില്‍ നിന്നും പരാതി ലഭിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: new fraud case against shajan skariah in kochi
We use cookies to give you the best possible experience. Learn more