പൗരത്വഭേദഗതി നിയമത്തിന് ശേഷം രാജ്യം ഒരിക്കല്‍ കൂടി നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു നിയമത്തിനെതിരെ പ്രതിഷേധസമരവുമായി തെരുവിലിറങ്ങുകയാണ്. കാര്‍ഷികബില്‍. രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന ബില്ലാണിതെന്ന് ചൂണ്ടിക്കാട്ടി ഒരു മാസം മുന്‍പേ പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ സമരങ്ങള്‍ നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ ഭയന്ന് പഞ്ചാബില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍, ചരിത്രത്തില്‍ മുന്‍പില്ലാത്ത വിധം രാജ്യസഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചു.
ഒറ്റനോട്ടത്തില്‍ കര്‍ഷകരെ മാത്രം ബാധിക്കുന്ന, കാര്‍ഷികവിപണിയും വിലയുമായി ബന്ധപ്പെട്ട ബില്ലുകളാണിവ എന്നുതോന്നാം. പക്ഷെ ബഹുഭൂരിഭാഗം ജനങ്ങളും കാര്‍ഷികവൃത്തി ജീവിതോപാധിയാക്കിയിരിക്കുന്ന, കൃഷിയുമായി ബന്ധപ്പെട്ട് മാത്രം രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്ന ഇന്ത്യയില്‍, അതിസമ്പന്നരായ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ഈ മൂന്ന് ബില്ലുകളും ചേര്‍ന്ന് പട്ടിണിയിലാക്കുക രാജ്യത്തെ 138 കോടി ജനങ്ങളെയാണ്.
അതുകൊണ്ടു കൂടിയാണ് കര്‍ഷക ആത്മഹത്യങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരുന്നിട്ടും അത്രയൊന്നും ഭയപ്പെടാതിരുന്ന ഒരു ജനത ഇന്ന്, ഈ കൊവിഡ് ഭീഷണിക്കിടയിലും തെരുവുകളിലറങ്ങി സമരനിര തീര്‍ക്കുന്നത്. ജനാധിപത്യവിരുദ്ധവും കോര്‍പ്പറേറ്റ് സൗഹൃദവുമെന്ന് നേരത്തെ തന്നെ തെളിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷികബില്ലിനെ നഖശിഖാന്തം എതിര്‍ക്കുന്നത്.
ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഒരു കാലത്തും വിപണിയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്നില്ല. ഇടനിലക്കാരില്‍ നിന്നുള്ള നിരന്തരമായ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ ഒരുപരിധി വരെയെങ്കിലും രക്ഷിച്ചുനിര്‍ത്തിയിരുന്നത് പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ആക്ടായിരുന്നു (എ.പി.എം.സി). ഈ സംവിധാനത്തെ ഇല്ലാതാക്കിക്കൊണ്ടാണ് പുതിയ ബില്ലുകള്‍ രംഗത്തുവരുന്നത്. ഇതോടുകൂടി കാര്‍ഷിക വിപണികള്‍ കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നുകൊടുക്കപ്പെടുകയാണ്.
സംഭരണത്തിലും വില നിശ്ചയിക്കുന്നതിലും സൈ്വര്യവിവാഹാരത്തിന് വേദി ലഭിക്കുന്ന കോര്‍പ്പറേറ്റുകള്‍ പിന്നീട് കൈവെക്കുക കാര്‍ഷികഭൂമിയിലായിരിക്കും. അങ്ങനെ കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തിലെ അടിമവേലക്കാരനും സ്വന്തം കടയിലെ കൂലിപ്പണിക്കാരനുമായി മാറും. അതുകൊണ്ടാണ് കര്‍ഷകര്‍ക്കുള്ള മരണവാറണ്ടാണ് ഈ മൂന്ന് ബില്ലുകളുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
ഇത് കുറച്ചുകൂടി വ്യക്തമാകണമെങ്കില്‍ 1980കളില്‍ അമേരിക്കയിലെ പന്നി കര്‍ഷകര്‍ക്ക് സംഭവിച്ചത് ഒന്നോര്‍ത്താല്‍ മതി…
എണ്‍പതുകളുടെ തുടക്കം. അമേരിക്കയിലെ ചെറിയ ഫാമുകളിലും കൃഷിയിടങ്ങളിലും പന്നിവളര്‍ത്തല്‍ ആദായകരമായി നടത്തിയിരുന്ന കാലം. ഫാമില്‍ തന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാകുമ്പോള്‍ തൊട്ടടുത്തുള്ള സംഭരണകേന്ദ്രത്തിലേക്കോ ഏറ്റവും അടുത്തുള്ള ടൗണിലോ അവയെ വില്‍ക്കും. വേണ്ട സാധനങ്ങള്‍ വാങ്ങി തിരികെപ്പോരും.
ഇതിനിടയിലേക്കാണ് വലിയൊരു ഓഫറുമായി ഒരു കമ്പനി എത്തിയത്. നിങ്ങളുടെ ഫാമില്‍ വന്ന് പന്നികളെ ഞങ്ങള്‍ നേരിട്ടെടുത്തോളാം. മാര്‍ക്കറ്റിലെ വില തരാം. അടുത്ത വര്‍ഷം ഓഫര്‍ കുറച്ചുകൂടി നല്ലതായിരുന്നു. പെട്ടെന്ന് വളരുന്ന പന്നിക്കുഞ്ഞുങ്ങളെ ഞങ്ങള്‍ തരാം. വേണ്ട തീറ്റയും മരുന്നും തരും. രോഗപ്രതിരോധ കുത്തിവയ്പ്പുകളും എടുത്തു തരും. നിങ്ങള്‍ ഫാമില്‍ അവയെ പരിപാലിച്ച് വളര്‍ത്തിയാല്‍ മതി. ഇറച്ചി ഞങ്ങള്‍ എടുത്തോളാം, ഇപ്പോഴുള്ള വിലയില്‍. നെട്ടോട്ടമോടേണ്ട കാര്യമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം എത്ര നല്ല ഓഫര്‍.
നാട്ടിലെ ഇടത്തരം കടക്കാരുമായി വിലപേശേണ്ടതില്ല. തീറ്റയ്ക്കും ഡോക്ടര്‍ക്കുമായി പരക്കം പായേണ്ട. ആ വര്‍ഷവും നല്ല ലാഭം കര്‍ഷകര്‍ക്കുണ്ടായി. മൂന്നാം വര്‍ഷം കളിമാറി. മുന്‍പുണ്ടായിരുന്നതിന്റെ പാതി വിലയേ നല്‍കിയുള്ളൂ. ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പൊതു മാര്‍ക്കറ്റിലും വില കുറഞ്ഞിരുന്നതിനാല്‍ കര്‍ഷകര്‍ സഹിച്ചു. നാലാം വര്‍ഷം തുക വീണ്ടും കുറഞ്ഞു. കര്‍ഷകര്‍ പ്രതിഷേധിച്ചു.
ഞങ്ങള്‍ നല്‍കുന്നില്ല, പുറത്ത് കൊടുത്തുകൊള്ളാം എന്ന് കര്‍ഷകര്‍. ശരിയെന്ന് കമ്പനിയും. തങ്ങളുടെ പഴയ ഫാം ട്രക്കറുകളില്‍ പഴയ ചെറുകിട വ്യാപാരികളെത്തേടി കര്‍ഷകര്‍ ഇറങ്ങി. പക്ഷേ പഴയ ചില്ലറ കടകളെല്ലാം പൂട്ടിപ്പോയിരുന്നു. ടൗണിലെ കടക്കാരെല്ലാം മറ്റു കച്ചവടത്തിലേക്ക് തിരിഞ്ഞു. സമാന്തരമായുണ്ടായിരുന്ന എല്ലാ ഇറച്ചിവില്‍പ്പന ശാലകളും പൂട്ടിപ്പോയി. കര്‍ഷകര്‍ക്ക് എല്ലാ നഷ്ടവും സഹിച്ച് ഇറച്ചി കമ്പനിക്ക് തന്നെ വില്‍ക്കേണ്ടി വന്നു. സങ്കര ഇനത്തില്‍പ്പെട്ട ഈ പന്നിക്കുഞ്ഞുങ്ങളെ കമ്പനിയുമായി ധാരണയില്ലാതെ വളര്‍ത്തിയവര്‍ക്കെതിരെ കേസുകള്‍ വന്നു. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചതിന്.
ഇതുതന്നെയാണ് ഇന്ത്യയിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. പക്ഷെ മുന്‍പത്തേക്കാള്‍ ശക്തരാണ് ഇന്ന് കോര്‍പ്പറേറ്റുകള്‍. സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥനിയന്ത്രണം മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കൈയ്യിലായിട്ട് കാലങ്ങളായി. ഇവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ കൂടിയുള്ളപ്പോള്‍ ചേറില്‍ പണിയെടുക്കുന്നവന് ഈ വ്യവസായക്കുത്തകകളോട് പോരാടിനില്‍ക്കല്‍ അത്ര എളുപ്പമാവില്ല.
കര്‍ഷകരെ ഇതാ ഞങ്ങള്‍ സ്വതന്ത്രരാക്കുന്നു… ഇനി അവര്‍ക്ക് എവിടെയും ചെന്ന് ആരുമായും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാം… ആരും നിങ്ങളെ നിയന്ത്രിക്കില്ല എന്നാണ് താങ്ങുവിലയെക്കുറിച്ചുള്ള ഒരു വ്യവസ്ഥ പോലും പരാമര്‍ശിക്കാത്ത ഈ ബില്ലുകളുടെ ആപ്തവാക്യമായി പ്രധാനമന്ത്രി ഏതൊരു ചോദ്യത്തിനും ആവര്‍ത്തിക്കുന്നത്. പക്ഷെ ഈ സുന്ദരവാക്യങ്ങളുടെ പുകമറയില്‍ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ കര്‍ഷകനെ നിരായുധനാക്കുകയാണ് സര്‍ക്കാരെന്ന് വിദഗ്ധരെല്ലാം ഒരുപോലെ ചൂണ്ടിക്കാണിക്കുന്നു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എന്നീ ആദ്യ രണ്ട് ബില്ലുകളും കാര്‍ഷികരംഗവുമായാണ് ബന്ധപ്പെട്ടുനില്‍ക്കുന്നതെങ്കില്‍ മൂന്നാമത്തെ ബില്ലായ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് അഥവ അവശ്യവസ്തു നിയമഭേദഗതി ബില്‍ ഭക്ഷ്യസുരക്ഷക്കാണ് തുരങ്കം വെക്കുന്നത്.
കാര്‍ഷികവിപണി കോര്‍പ്പറേറ്റ് നിയന്ത്രണത്തിലാവുക എന്നാല്‍ മുഴുവന്‍ വിപണിയും അവശ്യവസ്തുക്കളും കൂടി കോര്‍പ്പറേറ്റുകള്‍ക്ക് കീഴിലായി എന്നുതന്നെയാണ് അര്‍ത്ഥം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകും. ജനങ്ങള്‍ ഭക്ഷണത്തിനായി നെട്ടോട്ടമോടും. അവശ്യവസ്തു ഭേദഗതി നിയമത്തിലൂടെ ഈ ദുരന്തത്തിന് എല്ലാ സഹായങ്ങളും ഒരുക്കി നല്‍കുകയാണ്, ജനത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ടായാലും കോര്‍പ്പറേറ്റുകള്‍ക്ക് അധികലാഭത്തിന് ആവുന്നതെല്ലാം ചെയ്യുമെന്ന് പലതവണ തെളിയിച്ച കേന്ദ്ര സര്‍ക്കാര്‍.
ഇന്നും ദാരിദ്ര്യം കൊണ്ട് കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞ് കൊല്ലാന്‍ നിര്‍ബന്ധിതരാകുന്ന അമ്മമാരുള്ള ഒരു രാജ്യത്തോടാണ് സര്‍ക്കാരിന്റെ ഈ കൊടുംക്രൂരത.
ഈ നിയമഭേദഗതിയിലൂടെ വന്‍കിട കമ്പനികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. അദാനിക്കും റിലയന്‍സിനുമെല്ലാം എത്ര ഭക്ഷ്യോല്‍പന്നങ്ങള്‍ വേണമെങ്കിലും ശേഖരിച്ച് വെക്കാന്‍ സാധിക്കും. അതിനുള്ള സംഭരണശാലകള്‍ നിര്‍മ്മിക്കാനും മാര്‍ക്കറ്റിനെ മൊത്തത്തില്‍ നിയന്ത്രിക്കാനും സാധിക്കും.
30 ലക്ഷം പേര്‍ വിശന്നുമരിച്ച 1943ലെ ബംഗാള്‍ ക്ഷാമത്തിന്റെ ആവര്‍ത്തനത്തിനായിരിക്കും വരും വര്‍ഷങ്ങളില്‍ രാജ്യം ഒരുപക്ഷെ വേദിയാകുക. അന്ന് വരള്‍ച്ചയോ പ്രകൃതിദുരന്തങ്ങളോ ഒന്നും കൂടാതെ സംഭവിച്ച, രാജ്യം ഏറ്റവും കണ്ട ഏറ്റവും വലിയ പട്ടിണിക്കും ക്ഷാമത്തിനും കാരണക്കാര്‍ നമ്മെ കോളനിയാക്കി അടക്കിഭരിച്ച ബ്രിട്ടീഷ് സര്‍ക്കാരായിരുന്നെങ്കില്‍ ഇന്ന് പ്രതിസ്ഥാനത്ത് നിന്ന് ചിരിക്കുന്നത് ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തന്നെ അധികാരത്തിലെത്തിച്ച ബി.ജെ.പി സര്‍ക്കാരാണ്.
രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ കൂടി താറുമാറാക്കുന്ന രീതിയിലാണ് ഈ നിയമ ഭേദഗതികളുടെ രൂപകല്‍പന എന്നതും ഇവിടെ ശ്രദ്ധിക്കണം. നിലവില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരത്തിനായി സമീപിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളെയാണ്. എ.പി.എം.സി പ്രകാരമുള്ള നിയന്ത്രിത മാര്‍ക്കറ്റുകളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനാകുമെന്നതിനാല്‍ ഈ പ്രശ്‌നങ്ങളില്‍ ചില പരിഹാരം കാണാനും സര്‍ക്കാരുകള്‍ക്കാകുമായിരുന്നു. ഇപ്പോള്‍ പുതിയ ഭേദഗതിയിലൂടെ സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണം ഇല്ലാതാവുകയാണ്. സംഭരണകേന്ദ്രങ്ങള്‍ സ്വകാര്യനിയന്ത്രണത്തിലാകുന്നതോടെ സംസ്ഥാനത്തെ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ പോലും സര്‍ക്കാരുകള്‍ക്ക് ലഭ്യമല്ലാതാകും.
കേരള സര്‍ക്കാരിലെ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം കര്‍ഷക ബില്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതാണ് കൃഷിയും അനുബന്ധമേഖലകളും. ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കര്‍ഷകര്‍ക്ക് സൗജന്യമായി ലഭ്യമായിക്കൊണ്ടിരുന്നതാണ്. പുതിയ ബില്ല് വരുന്നതോടെ ഈ സേവനങ്ങളെല്ലാം കര്‍ഷകര്‍ക്ക് നഷ്ടമാവുകയും എല്ലാം ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധീനതയില്‍ വരികയും ചെയ്യും.
കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ, സഹകരണസംഘങ്ങളുടെ ശാക്തീകരണത്തിലൂടെ കേരളത്തിലെ കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചുകഴിഞ്ഞു. ഈ പദ്ധതികളുമായി മുന്നോട്ടുപോവാനും കുത്തകള്‍ക്കെതിരെ നിലകൊള്ളാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.’ സുനില്‍ കുമാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ക്കെതിരെ രാജ്യത്തെ 250ലേറെ കര്‍ഷകസംഘടനകള്‍ ചേര്‍ന്ന അഖിലേന്ത്യ കര്‍ഷകസഖ്യം സെപ്തംബര്‍ 25ന് രാജ്യവ്യാപകമായുള്ള സമരത്തിന് അണിനിരക്കുകയാണ്. നിങ്ങള്‍ എവിടെയാണോ അവിടങ്ങളിലെ തെരുവുകളിലിറങ്ങി ഈ കര്‍ഷകവിരുദ്ധ ജനവിരുദ്ധ നയത്തിനെതിരെ പ്രതിഷേധിക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും സമരക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാളുകളായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. ഇതിന് പിന്നാലെ കൊവിഡും ലോക്ക്ഡൗണും കൂടി വന്നതോടെ കരകയറനാകാത്ത വിധം സമ്പദ് വ്യവസ്ഥ താറുമാറായി. ഇതിനിടയിലേക്കാണ് കാര്‍ഷികരംഗത്തെ ഭക്ഷ്യസുരക്ഷയെ അതുവഴി രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ തകിടംമറിക്കുന്ന പുതിയ ബില്ലുകളുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക