| Saturday, 31st December 2022, 4:01 pm

മജിസ്‌ട്രേറ്റ് മുതല്‍ ഐഷ റാവുത്തര്‍ വരെ, 2022 ഇവരുടെയും കൂടിയാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്നാ താന്‍ കേസ് കൊട് സിനിമയിലെ മജിസ്‌ട്രേറ്റ് മുതല്‍ സൗദി വെള്ളക്കയിലെ ഐഷ റാവുത്തര്‍ വരെ നീളുന്ന എത്ര പുതുമുഖ താരങ്ങളാണ് മലയാള സിനിമയില്‍ ഈ വര്‍ഷം മിന്നിതിളങ്ങിയത്. 2022ന്റെ പ്രധാന പ്രത്യേകളിലൊന്ന് ഇത് തന്നെയാണ്. ഇവരാരും വെറുതെയങ്ങ് സ്‌ക്രീനില്‍ വന്നുപോകുകയായിരുന്നില്ല. മറിച്ച് അസാധ്യ പെര്‍ഫോമന്‍സുകൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയായിരുന്നു.

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ സിനിമയില്‍ തങ്ങളുടേതായ ഇടം നേടിയെടുക്കാനും ഈ താരങ്ങള്‍ക്കായി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് ഈ വര്‍ഷം കൂടുതല്‍ പുതുമുഖ താരങ്ങളും സ്‌ക്രീനിലെത്തിയത്.

മജിസ്‌ട്രേറ്റ്

അക്കൂട്ടത്തില്‍ ന്നാ താന്‍ കേസ് കൊട് സിനിമയിലെ മജിസ്‌ട്രേറ്റിനെ ആരും മറക്കിലെ.സിനിമയിലെ തന്റെ മികച്ച പ്രക
ടനത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് പി.പി കുഞ്ഞികൃഷ്ണന്‍. ആദ്യമായി ക്യാമറക്ക് മുമ്പില്‍ വരുന്നു എന്ന തോന്നല്‍ പ്രേക്ഷകന് നല്‍കാതെ അത്ര ഭംഗിയായി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഇന്നോളം കണ്ടതില്‍ വച്ചേറ്റവും രസികനായ മജിസ്‌ട്രേറ്റായിരുന്നു കുഞ്ഞികൃഷ്ണന്റെ കഥാപാത്രം. യഥാര്‍ഥ ജീവിതത്തില്‍ റിട്ടയേര്‍ഡ് അധ്യാപകനും പഞ്ചായത്ത് മെമ്പറുമൊക്കെയാണ് പി.പി കുഞ്ഞികൃഷ്ണന്‍. സിനിമയിലെ പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് പ്രശംസകള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

സ്വാഭാവിക അഭിനയവും, മുഖത്ത് നിലനില്‍ക്കുന്ന നിഷ്‌കളങ്ക ഭാവവുമെല്ലാം താരത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയും എടുത്ത പറയേണ്ടത് തന്നെയാണ്.

ഷുക്കൂര്‍ വക്കീല്‍

മലയാള സിനിമക്ക് ഈ വര്‍ഷം ലഭിച്ച് മറ്റൊരു ഭാഗ്യമായിരുന്നു ഷുക്കൂര്‍ വക്കീല്‍. തന്റെ യഥാര്‍ത്ഥ പേരില്‍ തന്നെയാണ് അദ്ദേഹം സിനിമയിലുമെത്തിയത്. കോടതിയിലെ വാദങ്ങളും പതുങ്ങിയ സംസാര ശൈലിയും ചെറിയ നോട്ടങ്ങള്‍ പോലും മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കാസര്‍ഗോഡന്‍ ഭാഷയുടെ മനോഹാരിതയും അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ താരത്തിന് കഴിഞ്ഞു. ഒട്ടും പ്രൊഫഷണലല്ലാത്ത ആളിന്റെ അങ്കലാപ്പോ പിഴവുകളോ ഒന്നും തന്നെ ഇവരുടെ ആരുടെയും പ്രകടനത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. അത്രയും സ്വാഭാവികമായാണ് അവര്‍ ഓരോരുത്തരും കഥാപാത്രങ്ങളെ സമീപിച്ചിരിക്കുന്നത്.

സുമതല ടീച്ചര്‍

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വൈറലായ താരമാണ് ന്നാ താന്‍ കേസ് കൊടിലെ സുമലത ടീച്ചര്‍. ടീച്ചറിനെ കുറിച്ച് എന്തായിപ്പം പറയുക, സുമേഷേട്ടന്റെ കെയറിങ് മുഴുവന്‍ സ്വന്തമാക്കിയത് പോരാതെ മലയാളി പ്രേക്ഷകരുടെ മുഴുവന്‍ സ്‌നേഹവും ടീച്ചര്‍ നേടിയെടുത്തു. ചിത്ര നായരാണ് സിനിമയില്‍ സുമലത ടീച്ചറായി വന്നത്. ഡാന്‍സ് ടീച്ചറായ സുമലതയും സുമേഷും തമ്മിലുള്ള പ്രണയമാണ് ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയത്.

രാജേഷ് മാധവ് അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രവും ചിത്രയുടെ സുമലത ടീച്ചറും തമ്മിലുള്ള കെമിസ്ട്രി എടുത്ത് പറയേണ്ടത് തന്നെയാണ്. റൊമാന്റിക് രംഗങ്ങളൊക്ക നര്‍മത്തില്‍ ചാലിച്ച് എന്നാല്‍ പൈങ്കിളി ഒട്ടും ചോരാതെ സ്‌ക്രീനില്‍ എത്തിക്കാന്‍ ചിത്രക്ക് കഴിഞ്ഞിരുന്നു. ആറാട്ട്, ജന ഗണ മന തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരമെത്തിയിരുന്നു.

ഷീല

മജു സംവിധാനം ചെയ്ത് സോണി ലിവില്‍ ഡയറക്റ്റ് ഒ.ടി.ടി റിലീസിനെത്തിയ സിനിമയാണ് അപ്പന്‍. അപ്പനിലെ ഷീല എന്ന കഥാപാത്രത്തെ സ്‌ക്രീനിലെത്തിച്ച രാധിക കൃഷ്ണനാണ് ഈ വര്‍ഷം മലയാളത്തിന് ലഭിച്ച മറ്റൊരു താരം. പ്രകടനങ്ങളുടെ ആറാട്ട് ഉത്സവം നടത്തിയ സിനിമയായിരുന്നു അപ്പന്‍. അക്കൂട്ടത്തില്‍ ന്യൂകമ്മര്‍ എന്ന തോന്നല്‍ നല്‍കാതെ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിഞ്ഞു.

നടപ്പിലും ഇരിപ്പിലും നോട്ടത്തിലുമെല്ലാം ഷീല എന്ന കഥാപാത്രത്തെ മാത്രമേ നമുക്ക് കാണാന്‍ കഴിയുമായിരുന്നുള്ളു. നിരാശയും പകയും നിസഹായതയും നിറഞ്ഞ് നില്‍ക്കുന്ന ഷീലയുടെ മുഖം സിനിമ കണ്ട് കഴിയുമ്പോളും നമ്മുടെ ഓരോരുത്തരുടെയും മനസില്‍ ഉറപ്പായും തങ്ങി നില്‍ക്കുന്നു.

ഐഷ റാവുത്തര്‍

പുതുമുഖങ്ങളായി ഈ വര്‍ഷം മലയാളത്തിലേക്ക് കടന്നു വന്നവരില്‍ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് സൗദി വെള്ളക്കയിലെ നമ്മുടെ ഐഷ ഉമ്മ തന്നെ. തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമയില്‍ ഐഷ റാവുത്തര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവി വര്‍മയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പുതുമുഖ താരം.

സിനിമ ഇറങ്ങിയ അന്നുമുതല്‍ സിനിമാ ഗ്രൂപ്പുകളിലും, സിനിമാ നിരൂപകര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താരവും ദേവി വര്‍മ്മയാണ്. അവരുടെ പ്രകടനത്തെ കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. അത്ര മനോഹരമായി ആ കഥാപാത്രത്തെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകന്റെയുള്ളിലും ഐഷ റാവുത്തര്‍ എന്ന കഥാപാത്രം തങ്ങി നില്‍ക്കും.

മികച്ച ഒരുപിടി സിനിമ മലയാളത്തിന് കിട്ടിയ വര്‍ഷമായിരുന്നു 2022. സിനിമകള്‍ മാത്രമല്ല ഒരുപിടി മികച്ച അഭിനേതാക്കളേയും നമുക്ക് ഈ വര്‍ഷം കിട്ടിയിട്ടുണ്ട്. 2023ലും ഇനി തുടര്‍ന്ന് വരുന്ന പല വര്‍ഷങ്ങളിലും ഇവരുടെയൊക്കെ അത്യുഗ്രന്‍ പെര്‍ഫോമന്‍സിനായി നമുക്ക് കാത്തിരിക്കാം.

CONTENT HIGHLIGHT: NEW FACES OF MALAYALAM CINEMA IN 2022

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്