ജയറാമിന്റെ തിരിച്ചുവരവും അബ്രഹാം ഓസ്ലറിലെ ആ പുതുമുഖങ്ങളും
Film News
ജയറാമിന്റെ തിരിച്ചുവരവും അബ്രഹാം ഓസ്ലറിലെ ആ പുതുമുഖങ്ങളും
വി. ജസ്‌ന
Saturday, 13th January 2024, 7:50 pm

അബ്രഹാം ഓസ്ലര്‍

ഒരു ഇടവേളക്ക് ശേഷമുള്ള ജയറാമിന്റെ തിരിച്ചു വരവ്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ എത്തുന്ന അടുത്ത ചിത്രം. മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ അതിഥിവേഷം. ഹാസ്യ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ജഗദീഷിന്റെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രം. ഒപ്പം നീണ്ട താരനിര തന്നെ ഒന്നിക്കുന്ന ചിത്രം.

അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് പറയാന്‍ ഇത്തരത്തില്‍ ഒരുപാട് പ്രത്യേകതകളുണ്ട്. ഈ കൂട്ടത്തില്‍ മറക്കാതെ പറയേണ്ട ഒന്നുണ്ട്, ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ അസാധ്യ പ്രകടനങ്ങള്‍. ഇന്റര്‍വെല്ലിന് ശേഷം വന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കുറിച്ചാണ് പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെയും വില്ലന്മാരുടെയും ചെറുപ്പകാലം അഭിനയിച്ച താരങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്.

ഓരോ ചിത്രം കണ്ടിറങ്ങുമ്പോഴും നമ്മളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ചില കഥാപാത്രങ്ങള്‍ ഉണ്ടാകും. അബ്രഹാം ഓസ്ലറില്‍ അത്തരത്തില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ പ്രധാനപെട്ടതാണ് ആദം സാബിക്, ശിവ ഹരിഹരന്‍, ശിവരാജ്, ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു എന്നിവര്‍.

ആദം സാബിക്

ആദം സാബിക് ചിത്രത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലമായിരുന്നു അഭിനയിച്ചിരുന്നത്. മിഥുന്‍ മാനുവല്‍ തന്റെ ചിത്രത്തില്‍ കൊണ്ടുവന്ന ഒരു അസാധ്യ കാസ്റ്റിങ് ആയിരുന്നു അതെന്ന് വേണം പറയാന്‍. മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള ആദം സാബിക്കിന്റെ അലക്‌സാണ്ടര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് ഏറെ മികച്ച് തന്നെ നിന്നു. മെഡിക്കല്‍ കോളേജ് കാലഘട്ടത്തിലെ തന്റെ പ്രണയവും പ്രൊഫഷണല്‍ ജെലസി കാരണം അയാള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളുമെല്ലാം ആദം സാബിക് വളരെ നന്നായി തന്നെ അവതരിപ്പിച്ചു. താരത്തിന്റെ ചിത്രത്തിലെ ഓരോ നോട്ടവും നടത്തവും ഭാവവുമെല്ലാം മികച്ചതാണെന്ന് പറയാതെ വയ്യ.

ശിവരാജ്

അബ്രഹാം ഓസ്ലറിലെ വില്ലന്മാരില്‍ പ്രാധാനിയാണ് സേവി പൊന്നൂസ് എന്ന ജഗദീഷ് കഥാപാത്രം. സിനിമ കാണുന്ന ഒരാളില്‍ ഏറെ വെറുപ്പും ദേഷ്യവും തോന്നിപ്പിക്കുന്ന കഥാപാത്രവും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. മരണം വരെ ചെയ്ത തെറ്റിനെക്കുറിച്ചോര്‍ത്ത് ഒരു കുറ്റബോധവും തോന്നാത്ത കഥാപാത്രം. ചിത്രത്തില്‍ ഈ കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചിരുന്നത് ശിവരാജാണ്. ചിത്രത്തിലെ ഈ പുതുമുഖങ്ങളില്‍ ശക്തമായ വേഷം ചെയ്യാനുള്ളത് അദ്ദേഹത്തിന് തന്നെയായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും തന്റെ കൂടെയുള്ള അലക്‌സാണ്ടറിനോട് ദേഷ്യം തോന്നുകയും അയാളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് സേവി പൊന്നൂസ്. ആ കഥാപാത്രം വളരെ നന്നായി ചെയ്യാന്‍ ശിവരാജിന് സാധിച്ചിട്ടുണ്ട്.

ഷെജീര്‍ പി. ബഷീര്‍

സെല്‍വരാജ് എന്ന കഥാപാത്രമായി ഓസ്ലറില്‍ എത്തിയ താരമാണ് ഷെജീര്‍ പി. ബഷീര്‍. അങ്ങേയറ്റം മയക്കുമരുന്നിന് അടിമയായ ഒരാളായിരുന്നു സെല്‍വരാജ്. ഒരു സാഹചര്യത്തില്‍ അലക്‌സാണ്ടര്‍ അയാളെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കാണുകയും പിന്നാലെ സെല്‍വരാജിനെ കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്യുകയുമാണ്. ഇതിന്റെ പേരില്‍ അലക്‌സാണ്ടറിനോട് തോന്നുന്ന ദേഷ്യമാണ് പിന്നീട് അയാളെ അപായപെടുത്തുന്നതിലേക്ക് സെല്‍വരാജിനെ നയിക്കുന്നത്. തമിഴ് സംസാരിക്കുന്ന ഈ കഥാപാത്രത്തെ വളരെ നന്നായി തന്നെ ഷെജീര്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമല്ല ഓസ്ലര്‍. എന്നാല്‍ ഈ മിഥുന്‍ മാനുവല്‍ ചിത്രത്തിലെ തന്റെ പ്രകടനത്തിലൂടെ സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ഷെജീറിന് സാധിച്ചു.

ശിവ ഹരിഹരന്‍

അബ്രഹാം ഓസ്ലറില്‍ ഏറെ ശ്രദ്ധ നേടിയ മറ്റൊരു താരമാണ് ശിവ ഹരിഹരന്‍. കുമരകം രഘുനാഥ് അവതരിപ്പിച്ച ശിവകുമാര്‍ എന്ന കഥാപാത്രമായാണ് ശിവ എത്തിയത്. താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ഓസ്ലര്‍. മുമ്പ് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തില്‍ ശിവ അഭിനയിച്ചിട്ടുണ്ട്. ഓസ്ലറില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തോട് മറ്റുള്ളവര്‍ക്ക് ദേഷ്യം തോന്നാനും അയാളെ അപായപെടുത്താനും കാരണമായത് ശിവകുമാറായിരുന്നു. തുടക്കത്തില്‍ വെറും ഒരു പൂവാലന്‍ കഥാപാത്രമാകും അതെന്ന് തോന്നിയിരുന്നെങ്കിലും പിന്നീട് അങ്ങനെയല്ലെന്ന് കാണിക്കാന്‍ ശിവക്ക് സാധിച്ചു.

ജോസഫ് മാത്യു

ഓസ്ലറില്‍ സൈജു കുറുപ്പിന്റെ ചെറുപ്പം അവതരിപ്പിച്ചത് ജോസഫ് മാത്യുവാണ്. കൃഷ്ണദാസ് എന്ന ഈ കഥാപാത്രത്തിന് ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ട്. ഒരു പാട്ടുക്കാരനായ കൃഷ്ണദാസിന് ഒരു സാഹചര്യത്തില്‍ തന്റെ ശബ്ദം നഷ്ടപെടുന്നതും അതിന്റെ പേരില്‍ കാരണക്കാരായവരെ ഇല്ലാതാക്കാന്‍ ഒരുങ്ങുകയുമാണ് കൃഷ്ണദാസ്. ചിത്രത്തില്‍ പാട്ടുകാരനായി എത്തുന്ന ജോസഫ് കുറഞ്ഞ സമയം മാത്രമുള്ള തന്റെ കഥാപാത്രത്തെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരുന്നു. ഡോക്ടറിന്റെ മുന്നില്‍ നിസഹായനായി ഇരിക്കുന്നതും ശബ്ദം നഷ്ടപെടുമ്പോള്‍ ആര്‍ത്തു കരയുന്നതും കാണുന്നവരെ വേദനിപ്പിക്കുന്നത് തന്നെയായിരുന്നു.

മലയാള സിനിമയിലേക്ക് ഒരുകൂട്ടം ചെറുപ്പക്കാരെ അബ്രഹാം ഓസ്ലറിലൂടെ നല്‍കുകയാണ് മിഥുന്‍ മാനുവലും പ്രിന്‍സ് ജോയ്‌യും. മലയാളത്തിലേക്കുള്ള ജയറാമിന്റെ തിരിച്ചുവരവിനെ കുറിച്ച് പറയുമ്പോള്‍ ഈ താരങ്ങളുടെ ബിഗ് സ്‌ക്രീനിലേക്കുള്ള കടന്നുവരവിനെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.

Content Highlight: New Faces In Midhun Manual Thomas’s Abraham Ozler

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ