നാട്ടാനകള്‍ക്ക് ആറ് മണിക്കൂര്‍ ജോലി ആറ് മണിക്കൂര്‍ വിശ്രമം, ആളെ കൊന്നാല്‍ ആറ് മാസം വിലക്ക്; പാപ്പാന് ആറു മാസത്തെ തടവ് ശിക്ഷ
തൃശ്ശൂര്‍: കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നാട്ടാന പരിപാലന ചട്ടം പരിഷ്‌കരിക്കുന്നു. ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരട് നിയമം.
ആനയെ ജോലിയെടുപ്പിക്കുന്ന അത്ര തന്നെ സമയം വിശ്രമം കൊടുക്കണമെന്നാണ് കരട് നിയമത്തിലെ ശുപാര്‍ശ. യാത്രാസമയവും ജോലിയെടുപ്പിക്കുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഴുന്നള്ളിപ്പുള്‍പ്പെടെ ആനയെ ആറ് മണിക്കൂര്‍ ജോലിയെടുപ്പിച്ചാല്‍ ആറ് മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കി. ഒരാനക്ക് 1.2 ഏക്കര്‍ സ്ഥലം വിശ്രമിക്കാന്‍ വേണം. ആനകളെ അനുസരണ പഠിപ്പിക്കാന്‍ ലോഹം കൊണ്ടുള്ള തോട്ടികളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.
മനുഷ്യരെ കൊല്ലുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്യുന്ന ആനകളെ ആറ് മാസം വിലക്കും. നിലവില്‍ ഇത് 15 ദിവസമാണ്. അനുസരണ പഠിപ്പിക്കാന്‍ തോട്ടി, വളഞ്ഞ ലോഹായുധങ്ങള്‍ മുതലായവ ഉപയോഗിക്കുന്ന പാപ്പാന്‍മാര്‍ക്ക് ആദ്യം 10,000 രൂപയും പിന്നീട് 20,000വും അതിനു ശേഷം വീണ്ടും ആനയെ പീഡിപ്പിച്ചാല്‍ ആറു മാസത്തെ തടവ് ശിക്ഷയും എന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
പുതിയ പാപ്പാന്‍ ചുമതലയേറ്റാല്‍ ആനയെ ആറ് മാസത്തേക്ക് ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുത്. ആനയെ സംബന്ധിച്ച മുഴുവന്‍ രജിസ്റ്ററുകളും പാപ്പാന്‍ കൈവശം വെക്കണം. അവ ആര്‍ക്കും പരിശോധിക്കാം. ആനകളുടെ ജില്ലാ മാറ്റത്തിന് പ്രത്യേക അനുമതി പത്രം നിര്‍ബന്ധമാക്കി.
അനധികൃതമായി ആനകളെ ടൂറിസം കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യക ഉദ്യോഗസ്ഥനുണ്ടാവും. അക്രമകാരിയും കൊലപാതകിയുമായവയെ കുഴപ്പക്കാരായ ആനകള്‍ എന്ന പുതിയ ഒരു വിഭാഗവും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനയെ മറ്റൊരാള്‍ക്ക് കൈമാറിയാല്‍ ആനയെ പിടിച്ചെടുത്ത് സര്‍ക്കാറിന്റെ സ്വത്താക്കനും ആനയെ കൈമാറുന്നവര്‍ പിന്നീട് ആനയെ കൈവശം വെക്കുന്നത് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.