| Monday, 3rd October 2022, 10:58 am

ഉഗാണ്ടയില്‍ എബോള പടരുന്നു; ഡോക്ടര്‍ മരിച്ചു, 65 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാംപാല: ഉഗാണ്ടയില്‍ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശത്ത് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

വൈറസ് പകര്‍ച്ചയെ തുടര്‍ന്ന് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുറഞ്ഞത് 65 ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സെന്‍ട്രല്‍ ഉഗാണ്ടയില്‍, കുറഞ്ഞത് ആറ് ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എബോള ബാധിച്ച ചില ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണ കാലയളവായ 21 ദിവസം അവരവരുടെ വീട്ടില്‍ തന്നെ തുടരുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഇമ്മാനുവല്‍ ഐന്‍ബ്യൂണ (Emmanuel Ainebyoona) ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

”ഞങ്ങള്‍ അവരെ 21 ദിവസത്തേക്ക് നിരീക്ഷിച്ചുവരികയാണ്. എബോള ബാധിച്ചതായി സംശയിക്കപ്പെടുന്നവരുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി ഞങ്ങള്‍ കരുതുന്നു.

അവര്‍ ഐസലേഷനിലാണ്, പക്ഷേ അവരവരുടെ വീടുകളിലാണ്. സ്ഥിതി നിയന്ത്രണവിധേയമാണ്,” ഐന്‍ബ്യൂണ പറഞ്ഞു.

പടിഞ്ഞാറന്‍ ഉഗാണ്ടന്‍ ജില്ലയായ കബറോളില്‍ (Kabarole) ടാന്‍സാനിയന്‍ പൗരനായ ഒരു ഡോക്ടര്‍ ശനിയാഴ്ച എബോള ബാധിച്ച് മരിച്ചിരുന്നു. ഇപ്പോഴത്തെ എബോള വ്യാപനത്തില്‍ മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകനാണ് ഈ ഡോക്ടര്‍.

ഇതേത്തുടര്‍ന്നാണ് രാജ്യത്ത് ആശങ്ക വര്‍ധിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ഉഗാണ്ടയില്‍ വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചത്. 24കാരനായ യുവാവിനായിരുന്നു ആദ്യം വൈറസ് സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ 30ഓടെ രാജ്യത്ത് 38 കേസുകള്‍ സ്ഥിരീകരിക്കുകയും എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതായി ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1976ല്‍ സുഡാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത എബോള വൈറസിന്റെ വകഭേദമാണ് നിലവില്‍ ഉഗാണ്ടയില്‍ വ്യാപിക്കുന്നത്. രാജ്യത്ത് പടരുന്ന എബോളയുടെ ഈ വകഭേദത്തിന് അംഗീകൃത വാക്സിനോ മരുന്നോ ചികിത്സയോ ലഭ്യമല്ലാത്തതാണ് ആശങ്ക വര്‍ധിക്കാന്‍ പ്രധാന കാരണം.

നിലവിലെ വാക്‌സിനുകള്‍ ഈ വകഭേദത്തിന് ഫലപ്രദമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Content Highlight: New Ebola outbreak kills doctor in Uganda, East Africa under threat

We use cookies to give you the best possible experience. Learn more