ബെംഗളൂരു: കര്‍ണാടക സര്‍ക്കാരില്‍ വീണ്ടും അഴിച്ചുപണിക്ക് സാധ്യത. ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയില്‍ എത്തിയതിന് പിന്നാലെയാണ് ബസവരാജ ബൊമ്മയെ മാറ്റും എന്ന വാര്‍ത്തകള്‍ വന്നത്.
കര്‍ണാടകയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ഭയമുണ്ട്.
സംസ്ഥാന നേതൃത്വങ്ങളില്‍ മൊത്തത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ധൈര്യവും കരുത്തും ബി.ജെ.പി നേതൃത്വത്തിനുണ്ടെന്ന് ദല്‍ഹിയിലെയും ഗുജറാത്തിലെയും പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച് പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് പറഞ്ഞിരുന്നു.
”ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപിക്ക് കഴിയും. പാര്‍ട്ടിയിലുള്ള ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ടാണ് ഈ തീരുമാനങ്ങള്‍ സാധ്യമായത്, ഗുജറാത്തില്‍. മുഖ്യമന്ത്രിയെ മാറ്റി, മന്ത്രിസഭയെ മുഴുവന്‍ മാറ്റി, പുതുമ പകരുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്, പരാതികള്‍ കൊണ്ടല്ല,’ സന്തോഷ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടാം തവണയും അധികാരത്തിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന്റെ വെല്ലുവിളി ഇവിടെയുള്ളവര്‍ക്ക് അറിയാം. ഭരണവിരുദ്ധത കൂടുതല്‍ ശക്തമാകുന്നു,’ സന്തോഷ് കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മാറ്റം ഉണ്ടായേക്കാമെന്ന ചര്‍ച്ചകള്‍ വന്നത്. യെദിയൂരപ്പയെ മാറ്റിക്കൊണ്ടാണ് ബി.ജെ.പി ബസവരാജയെ മുഖ്യമന്ത്രിയാക്കിയത്.
ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും നേതൃത്വം ഉറച്ച തീരുമാനം എടുക്കുകയായിരുന്നു.