കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ വിലക്കിയിട്ടില്ലെന്ന് സിനിമാ നിര്‍മാതാക്കള്‍. പെരുമാറ്റം മൂലമുള്ള നിസഹകരണം മാത്രമാണ് ഉണ്ടായതെന്നാണ് നിര്‍മ്മാതാക്കളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
അഭിനേതാക്കളുടെ സംഘടനയായ അമ്മ കൈമാറിയ ഷെയ്‌നിന്റെ കത്ത് ചര്‍ച്ച ചെയ്യും. സിനിമ സെറ്റില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത് പറഞ്ഞു.
ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അമ്മ നിലപാടെടുത്തിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്നങ്ങള്‍ അമ്മയുടെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ഷെയ്നിന്റെ ഉമ്മ സുനിലയും അറിയിച്ചിരുന്നു.
സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യവും അമ്മ നേരത്തെ അംഗീകരിച്ചിരുന്നു. നിര്‍മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് ഇടവേള ബാബു പറഞ്ഞു.
ലൊക്കേഷനിലെ അധിപന്‍ നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നു സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. ആരോപണത്തെ കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.
സിനിമാ സെറ്റില്‍ നിലവില്‍ പെരുമാറ്റച്ചട്ടം ഇല്ല എന്ന പ്രശ്‌നം ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു കമ്മിറ്റി ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവെടുപ്പ് അവസാനിപ്പിക്കാന്‍ പോകുകയാണ്.