ന്യൂദല്‍ഹി: ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 ഓളം പേര്‍ മരിച്ച സംഭവത്തില്‍ പ്രസ്തുത ദിവസത്തെ ജനറല്‍ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കും എട്ട് മണിക്കും ഇടയില്‍ 2,600ഓളം അധിക ടിക്കറ്റുകള്‍ അണ്‍റിസേവ്ഡ് കാറ്റഗറിയില്‍ മാത്രമായി വിറ്റുപോയതായാണ് റിപ്പോര്‍ട്ട്.
അണ്‍റിസേവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിലെ കണക്ക് പ്രകാരമാണ് 2600 അധിക ടിക്കറ്റുകള്‍ പ്രസ്തുത സമയത്തിനുള്ളില്‍ വിറ്റുപോയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സാധാരണയായി ന്യൂദല്‍ഹി സ്‌റ്റേഷനില്‍ പ്രതിദിനം പ്രസ്തുത സമയത്ത് ശരാശരി 7000 ജനറല്‍ ടിക്കറ്റുകള്‍ വരെ വില്‍ക്കാറുണ്ടെന്നും സംഭവം നടന്ന ദിവസം ഇത് 9600ല്‍ അധികമായിരുന്നുവെന്നുമാണ് കണക്കുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം യു.ടി.എസ് വഴി അപകടം നടന്ന ദിവസം ആകെ ബുക്ക് ചെയ്തത് 54,000ത്തിലധികം ജനറല്‍ ടിക്കറ്റുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫെബ്രുവരി എട്ടാം തീയതി ഉള്ളതിനേക്കാള്‍ കുറവായിരുന്നു അപകടമുണ്ടായ ദിവസത്തെ കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്ക് നിയന്ത്രണവിധേയമാക്കേണ്ടിയിരുന്നതാണെന്നും ഫെബ്രുവരി എട്ടിന് ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം നിലവില്‍ ഇന്ത്യന്‍ റെയില്‍വേ പല ലൈനുകളിലെയും ടിക്കറ്റുകള്‍ പരിശോധിക്കുന്നില്ലെന്നും ഇതിനകം തന്നെ വലിയ തിരക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും ട്രെയിനില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന് വഴി വെച്ചത് അനൗണ്‍സ്മെന്റിലെ ആശയക്കുഴപ്പമാണെന്ന് ദല്‍ഹി പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞിരുന്നു. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ചും ഒന്നിച്ച് അനൗണ്‍സ്മെന്റ് നടത്തിയെന്നും ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
14ാം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നില്‍ക്കേ 16ാം പ്ലാറ്റ്പോമില്‍ ട്രെയിന്‍ വരുന്നതായി പറഞ്ഞുവെന്നും ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നുമായിരുന്നു ദല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രയാഗ് രാജ് എക്സ്പ്രസും പ്രയാഗ് രാജ് സെപഷ്യല്‍ ട്രെയിനും ഒരേ സമയത്ത് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പിന്നാലെയാണ് അറിയിപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.
മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെയാണ് ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം ഉണ്ടായത്. സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 15-20 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Content Highlight: New Delhi Railway Station Tragedy; Reportedly, more than 9600 people were in the station