[]വയനാട്: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വല്‍തോതില്‍ വെട്ടിക്കുറച്ചു. സര്‍ക്കാറിന്റെ ഈ നടപടി കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി നഷ്ടപരിഹാരത്തുക നിലവിലുള്ളതിനേക്കാള്‍ 95 ശതമാനം വരെ കുറയും.
ചെടി നശിച്ചാല്‍ നഷ്ടപരിഹാരം എന്നുള്ളതായിരുന്നു നിലവിലുണ്ടായിരുന്ന നഷ്ടപരിഹാര രീതി. എന്നാല്‍ കൃഷി നശിച്ചാല്‍ ഹെക്ടറിന് നഷ്ടപരിഹാരം എന്നതാണ് പുതിയ മാനദണ്ഡത്തിലെ വ്യവസ്ഥ. വളരെ ചെറിയൊരു തുകയായിരിക്കും നഷ്ടപരിഹാര തുകയായി ഇനി കര്‍ഷകര്‍ക്ക് ലഭിക്കുക.
ഒരു ഹെക്ടര്‍ കൃഷി നശിച്ചാല്‍ 4500 രൂപ മാത്രമായിരിക്കും ഇനി മുതല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുകയായി ലഭിക്കുക. ഒരു ഹെക്ടര്‍ വാഴ കൃഷി നശിച്ചാല്‍ 1000 രൂപയാകും കര്‍ഷകര്‍ക്ക് നല്‍കുക. ഇതോടെ ഒരു വാഴ നശിച്ചാല്‍ 1.40 രൂപ മുതല്‍ 2.40 രൂപ വരെയാകും കര്‍ഷകര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം.
ഒക്ടോബര്‍ 24 മുതല്‍ ഈ നിയമം പ്രാബല്യത്തോടെ നിലവില്‍ വന്നിരിക്കുകയാണ്. മാനദണ്ഡത്തിലെ പുതിയ മാറ്റങ്ങള്‍ ചെറുകിട കര്‍ഷകരെയാവും കൂടുതലായി ബാധിക്കുക.
വാഴ, കുരുമുളക്, കപ്പ, റബ്ബര്‍, കവുങ്ങ് എന്നീ കൃഷികള്‍ ചെയ്യുന്ന കര്‍കര്‍ക്ക് ഈ തീരുമാനം വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.
ഒരു കവുങ്ങ് നശിച്ചാല്‍ 150 രൂപയായിരുന്നു ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം 14 രൂപയാകും ഒരു കവുങ്ങിന് കര്‍ഷകന് നഷ്ടപരിഹാര തുകയായി ലഭിക്കുക.
നഷ്ടപരിഹാരത്തുക കുരുമുളകിന് 75 രൂപയില്‍ നിന്ന് 13.50 രൂപയായും തെങ്ങിന് 700 രൂപയില്‍ നിന്ന് 68 രൂപയായും റബ്ബറിന് 300 രൂപയില്‍ നിന്ന് 28 രൂപയായും കുറയും.
എന്നാല്‍ പുതിയ മാനദണ്ഡം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി കര്‍ഷക കോണ്‍ഗ്രസ് അടക്കമുള്ള കര്‍ഷക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പുതിയ ഭേദഗതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.