| Friday, 21st April 2017, 9:49 pm

'കുരിശ് ഉയിര്‍ത്തെഴുന്നേറ്റു'; സര്‍ക്കാറിനെ വെല്ലുവിളിച്ച് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; ഇത്തവണ ഉയര്‍ന്നത് അഞ്ചടിയുള്ള മരക്കുരിശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: അനധികൃത കയ്യേറ്റം നടന്ന പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് ഉയര്‍ന്നു. അഞ്ചടി ഉയരമുള്ള മരക്കുരിശാണ് രാത്രിയോടെ സ്ഥാപിച്ചത്. അതേസമയം പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് “സ്പിരിറ്റ് ഓഫ് ജീസസ്” അറിയിച്ചു. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശ് ഇന്നലെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയത്.

ജില്ലാ ഭരണകൂടം ഇന്നലെ പൊളിച്ചു നീക്കിയ അതേ സ്ഥലത്താണ് പതിയ കുരിശ് സ്ഥാപിക്കപ്പെട്ടത്. ആരാണ് കുരിശ് സ്ഥാപിച്ചത് എന്ന കാര്യം വ്യക്തമല്ല.

വിവിധ ക്രിസ്തീയ സഭകള്‍ ഇന്നലെ കയ്യേറ്റ സ്ഥലത്തെ കുരിശ് നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്തുവെങ്കിലും പൊളിച്ച് നീക്കിയ രീതിയില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഇന്നലെ പൊളിച്ച കുരിശ് സ്ഥാപിച്ചത്.


Also Read: ‘ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് അദ്വാനിയല്ല താനാണ്’; ബി.ജെ.പി നേതാവ് വേദാന്തി


തൃശൂര്‍ ജില്ലയിലെ കുരിയച്ചിറ ആസ്ഥാനമാക്കിയാണ് സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. 24 വര്‍ഷം മുന്‍പ് തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായി എന്നാണ് സംഘടനാ അധ്യക്ഷന്‍ അവകാശപ്പെടുന്നത്.

മരിച്ചവരുടെ ആത്മാക്കളെ തിരികെ ഭൂമിയിലേക്ക് എത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ജീസസ് ഇന്‍ സ്പിരിറ്റ് ഉന്നയിക്കുന്നു. അതേസമയം മറ്റ് മുഖ്യധാരാ ക്രിസ്തീയ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. വ്യക്തി കേന്ദ്രീകൃത സഭയായതിനാലാണ് ഇത്.

ഇവരോട് സഹകരിക്കുന്നതിന് കത്തോലിക്കാ സഭയിലുള്ളവര്‍ക്ക് വിലക്കുണ്ട്. ഇവര്‍ സാത്താന്‍ ആരാധകരാണെന്നും മറ്റ് സഭകള്‍ പഠിപ്പിക്കുന്നു. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെട്ടിരുന്നു.

അതേസമയം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് ടോം സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. റവന്യൂ സംഘത്തെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശിയായ പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ഇവര്‍ രണ്ട് പേരും ഒളിവില്‍ പോയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more