ന്യൂദൽഹി: രാജ്യത്തെ ക്രിമിനൽ നിയമസംവിധാനത്തിൽ വൻ അഴിച്ചുപണി നടത്തി ബി.ജെ.പി സർക്കാർ. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതൽ ആണ് രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്.
നീതിന്യായ സംവിധാനങ്ങൾക്കും പൊലീസിനും വേണ്ടത്ര പരിശീലനം നൽകാതെ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്ത് സർവത്ര ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവ ഇന്നുമുതൽ നിലവിൽവരും.
ഈ മാറ്റം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്ന ആശങ്ക നിയമവിദഗ്ദ്ധരടക്കം പങ്കിടുന്നു. നിലവിൽ തീർപ്പാക്കാനുള്ള ഒട്ടനവധി കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്നിരിക്കെ, പുതിയ പരിഷ്‌ക്കാരം നീതിക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ദുസ്സഹമാക്കുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
പുതിയതും പഴയതുമായ നിയമം ഒരേ സമയം പ്രവർത്തിക്കുമെന്ന അസ്വാഭാവികമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും നിയമവിദഗ്ദ്ധർ കൂട്ടിച്ചേർക്കുന്നു.
ജൂലൈ ഒന്നിന് മുമ്പ് രജിസ്‌റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ പഴയ നിയമം അനുസരിച്ചാണ് നടപടി തുടരുക.
കോടതികളിലെ നിലവിലുള്ള അപ്പീലുകളിലടക്കം പഴയനിയമങ്ങൾ പ്രകാരം നടപടി നടക്കുമെന്നിരിക്കേ പുതിയ നിയമം പൂർണാർത്ഥത്തിൽ നടപ്പാകാൻ പതിറ്റാണ്ടുകളെടുക്കും. ഓരോ വ്യവസ്ഥകളും കോടതികളിൽ ചോദ്യംചെയ്യപ്പെടാം. പ്രാബല്യത്തിൽ വരും മുമ്പ് മൂന്ന് നിയമങ്ങളും വിദഗ്ദ്ധ സമിതി രൂപീകരിച്ച് പരിശോധിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.
രണ്ട് നിയമ വ്യവസ്ഥകൾ നിയമ സംവിധാനങ്ങളുടെ ജോലിഭാരം പതിന്മടങ്ങ് വർധിപ്പിക്കും. നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ ബാർ അസോസിയേഷനുകൾ പ്രതിഷേധമുയർത്തുന്നുണ്ട്.
ഭാരതീയ ന്യായ് സംഹിത പൊലീസിന് അമിത അധികാരം നൽകുന്നു. അറസ്റ്റിലാകുന്നയാളെ 15 മുതൽ 60 ദിവസം വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ കസ്റ്റഡിയിൽ വയ്ക്കാൻ നിയമം അനുമതി നൽകുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നവർ വിദേശത്താണെങ്കിലും അവരുടെ ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്.
Also read: കേരളം നാലുവർഷ ബിരുദ കോഴ്സിലേക്ക്; പുതിയ മാറ്റം ഇന്ന് മുതൽ
ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിൻ്റെ അനുമതി ആവശ്യമില്ല. പൊതുപ്രവർത്തകരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി ആവശ്യമുള്ള കേസുകളിൽ അപേക്ഷ ലഭിച്ചാൽ 120 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.
ഗൗരവമുള്ള കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ വിലങ്ങുവെക്കാനും നിയമം അനുമതി നൽകുന്നു. അറസ്റ്റ് ചെയ്യപ്പെടാതെ തന്നെ അന്വേഷണ ആവശ്യത്തിനായി ഒരാളുടെ ഒപ്പ്, കൈയക്ഷരം, ശബ്ദം, വിരലടയാളം എന്നിവയുടെ സാമ്പിൾ എടുക്കാൻ മജിസ്‌ട്രേറ്റിന് ഉത്തരവിടാൻ സാധിക്കും.
വ്യാപക ദുരുപയോഗത്തിന് സാധ്യതയുള്ളതാണ് ഭാരതീയ ന്യായ് സംഹിതയിലെ 150-ാം വകുപ്പ്. ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പിന് ( രാജ്യദ്രോഹക്കുറ്റത്തിന്) പകരം കൊണ്ടുവന്ന വകുപ്പാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ വകുപ്പ് വിലങ്ങുതടിയാവും.
124 എ സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമാണ് പുതിയ നിയമം. ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ’ എന്ന വിഭാഗത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവെന്നാണ് നിയമം വ്യവസ്ഥചെയ്യുന്നത്.
അട്ടിമറി, അരാജക പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നത് കുറ്റമായി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് അട്ടിമറി, അരാജക പ്രവർത്തനമെന്ന് നിർവചിച്ചിട്ടില്ല. ഇതോടെ പൊലീസിന് ഏതും അട്ടിമറിയോ അരാജകപ്രവർത്തനമോ ആയി വ്യാഖ്യാനിക്കാം.
പുതിയ നിയമങ്ങൾ വരുന്നതോടുകൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ നിയമങ്ങൾ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും.
കഴിഞ്ഞവർഷം ഓഗസ്റ്റ് 11നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പുതിയ നിയമത്തിൻ്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബർ 13ന് വീണ്ടും അവതരിപ്പിക്കുകയും ഡിസംബർ 25 ന് രാഷ്ട്രപതി നിയമത്തിന് അംഗീകാരം നൽകുകയും ചെയ്തു.
Content Highlight: new criminal laws take effect from today