ഈ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നത്; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ടീസ്ത സെതൽവാദ്
NATIONALNEWS
ഈ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നത്; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ടീസ്ത സെതൽവാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 7:58 am

മുംബൈ: കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ടീസ്ത സെതൽവാദ്. ‘ഇന്ത്യയുടെ പുതിയ ക്രിമിനൽ നിയമങ്ങൾ; പരിഷ്കരണമോ അടിച്ചമർത്തലോ?’ എന്ന വിഷയത്തെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കവെയാണ് ടീസ്ത സെതൽവാദ് ഇക്കാര്യം പറഞ്ഞത്.

ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നീ നിയമങ്ങളാണ് യഥാക്രമം ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി നടപ്പാക്കുന്നത്.

ജൂലൈ ഒന്ന് മുതലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.

‘ഈ നിയമങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാരത്തെ പരിഹസിക്കുന്നതാണ്. നിയമങ്ങൾ പാസാക്കുന്നതിന് മുമ്പ് ഒരു കൂടിയാലോചന ആവശ്യമായിരുന്നു.

ഇത്തരം നിയമങ്ങൾ കൊണ്ട് വരുന്നതിനെ കുറിച്ചുള്ള വിശദമായ ചർച്ചകൾ നടക്കണമായിരുന്നു. എന്നാൽ അത്തരത്തിലൊന്നും നടന്നിട്ടില്ല. കേന്ദ്ര സർക്കർ അവരുടെ താത്പര്യത്തിനനുസരിച്ച് മാത്രം ഉണ്ടാക്കിയെടുത്ത ഒന്നാണിത്,’ ടീസ്ത പറഞ്ഞു.

നിയമങ്ങൾ തീർത്തും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അവർ പറഞ്ഞു. ഹിന്ദു രാഷ്രത്തിനു വേണ്ടി ആഗ്രഹിക്കുന്ന ഭരണകൂടത്തിൻെറ പുതിയൊരു നിർമിതിയാണ് ഇതെന്നും അവർ പറഞ്ഞു. പഴയ നിയമങ്ങളെക്കാൾ ക്രൂരമായ നിയമങ്ങൾ ആണ് പുതിയവയെന്നും യു.എ.പി.എ പോലുള്ള നിയമങ്ങളിലെ ചില സംരക്ഷണങ്ങൾ ഈ നിയമങ്ങൾ മൂലം നഷ്ടമാകാനിടയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: New criminal laws mockery of Constitution, enacted without consultation: Teesta