ജെയിംസ് കാമറൂണ്‍ ഒരുക്കിയ അത്ഭുത ലോകത്തിന്റെ ദൃശ്യവിരുന്ന് പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അവതാര്‍ ആദ്യഭാഗത്തില്‍ പണ്ടോറ എന്ന അത്ഭുത ലോകത്തെ കരയിലെ കാഴ്ചകളാണ് ജെയിംസ് കാമറൂണ്‍ ഒരുക്കിയത്. രണ്ടാം ഭാഗമെത്തുമ്പോള്‍ കടലിലേക്ക് കൂടി പ്രേക്ഷകരെ അവതാര്‍ കൂട്ടികൊണ്ട് പോവുകയാണ്. അതുകൊണ്ട് തന്നെ പുതിയ നിരവധി ജീവിവര്‍ഗങ്ങളെ അവതാര്‍; ദ വേ ഓഫ് വാട്ടറില്‍ കാണാനാവും.
ചിത്രത്തിലെ പുതിയ ചില ജീവികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അവതാറിന്റെ അണിയറപ്രവര്‍ത്തകര്‍. വായുവിലും ജലത്തിലും ഒരുപോലെ കുതിച്ച് പായാന്‍ സാധിക്കുന്ന സ്‌കിംവിങ്(Skimwing) ആണ് ഈ കൂട്ടത്തില്‍ ഒന്നാമന്‍. കടലില്‍ നീന്താനും വാലുപയോഗിച്ച് ഉയര്‍ന്ന് നിന്ന് ചിറക് വിടര്‍ത്തി വായുവില്‍ സഞ്ചരിക്കാനും ഇവക്ക് സാധിക്കും. പണ്ടോറയിലെത്തുന്ന മനുഷ്യരെ നേരിടാന്‍ ജേക്ക് സള്ളിക്കും കൂട്ടര്‍ക്ക് കരുത്താകുന്നത് സ്‌കിംവിങ്ങുകളായിരിക്കും.
തിമിംഗലത്തോളം വലുപ്പമുള്ള തുല്‍ക്കുന്‍(tulkan) ആണ് അടുത്തത്. ഭീമാകാരനായ ഈ ജീവിയെ ട്രെയ്‌ലറിലും കാണിച്ചിരുന്നു. ഫാന്‍ ലിസാര്‍ഡാണ്(Fanlizard) മൂന്നാമത്തെ ജീവി. പല്ലികളോട് സമാനമായ ഈ ജീവികള്‍ അപകടമുണ്ടെന്ന് തോന്നിയാല്‍ തങ്ങളുടെ ശരീരത്തിലുള്ള വലിയ ചിറക് വട്ടത്തില്‍ കറക്കും. അവതാര്‍ ഒന്നാം ഭാഗത്തിലും ഫാന്‍ ലിസാര്‍ഡുകളെ കാണിച്ചിരുന്നു.
ഇലുവാണ്(Ilu) അവതാര്‍ ടീം പരിചയപ്പെടുത്തുന്ന നാലാമത്തെ ജീവി. കടലിലൂടെ മാത്രം സഞ്ചരിക്കുന്ന ജീവിയാണ് ഇവ. ഇതിന് പുറമേ ഇനി നിരവധി പുതിയ ജീവിവര്‍ഗങ്ങളാണ് അവതാര്‍ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഡിസംബര്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അവതാര്‍; ദ വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.
അവതാര്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന വാര്‍ത്ത അടുത്തിടെ വന്നിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് സിനിമ വിലക്കാന്‍ ഫിയോക്ക് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിലക്കിനെ എതിര്‍ത്തു. ശേഷം നടന്ന ചര്‍ച്ച സമവായത്തിലെത്തുകയായിരുന്നു. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്ന് അവതാര്‍ ഡിസംബര്‍ 16ന് തന്നെ എത്തുമെന്ന് ഫിയോക്ക് അറിയിച്ചു.
Content Highlight: new creators in the movie avatar the way of water