അവതാര്‍ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കടലിലെ കാഴ്ചകളിലേക്കാണ് കാമറൂണ്‍ ശ്രദ്ധ ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ നിരവധി പുതിയ ജീവികളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അവതാര്‍; ദി വേ ഓഫ് വാട്ടര്‍ കാണും മുമ്പ് ഈ ജീവികളെ അറിഞ്ഞിരിക്കാം.
വായുവിലും ജലത്തിലും ഒരുപോലെ കുതിച്ച് പായാന്‍ സാധിക്കുന്ന സ്‌കിംവിങ്(Skimwing) ആണ് ഈ കൂട്ടത്തില്‍ ഒന്നാമന്‍. കടലില്‍ നീന്താനും വാലുപയോഗിച്ച് ഉയര്‍ന്ന് നിന്ന് ചിറക് വിടര്‍ത്തി വായുവില്‍ സഞ്ചരിക്കാനും ഇവക്ക് സാധിക്കും. പണ്ടോറയിലെത്തുന്ന മനുഷ്യരെ നേരിടാന്‍ ജേക്ക് സള്ളിക്കും കൂട്ടര്‍ക്ക് കരുത്താകുന്നത് സ്‌കിംവിങ്ങുകളായിരിക്കും.
തിമിംഗലത്തോളം വലുപ്പമുള്ള തുല്‍ക്കുന്‍(tulkan) ആണ് അടുത്തത്. ഭീമാകാരനായ ഈ ജീവിയെ ട്രെയ്‌ലറിലും കാണിച്ചിരുന്നു. ഫാന്‍ ലിസാര്‍ഡാണ്(Fanlizard) മൂന്നാമത്തെ ജീവി. പല്ലികളോട് സമാനമായ ഈ ജീവികള്‍ അപകടമുണ്ടെന്ന് തോന്നിയാല്‍ തങ്ങളുടെ ശരീരത്തിലുള്ള വലിയ ചിറക് വട്ടത്തില്‍ കറക്കും. അവതാര്‍ ഒന്നാം ഭാഗത്തിലും ഫാന്‍ ലിസാര്‍ഡുകളെ കാണിച്ചിരുന്നു.
ഇലുവാണ്(Ilu) അവതാര്‍ ടീം പരിചയപ്പെടുത്തുന്ന നാലാമത്തെ ജീവി. കടലിലൂടെ മാത്രം സഞ്ചരിക്കുന്ന ജീവിയാണ് ഇവ. ഇതിന് പുറമേ ഇനി നിരവധി പുതിയ ജീവിവര്‍ഗങ്ങളാണ് അവതാര്‍ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
അവതാര്‍ 2 കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. നവി എന്നാണ് അവതാറിലെ അന്യഗ്രഹ ജീവികളെ വിളിക്കുന്നത്.
അവതാര്‍ ടുവില്‍ മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ അവതരിപ്പിക്കുകയാണ്. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ചിത്രത്തില്‍ വിവരിക്കപ്പെടുന്നുണ്ട്.
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പണ്ടോറയിലെ സമുദ്രഭാഗങ്ങളിലൂടെ ദൃശ്യവിസ്മയത്തിന്റെ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്നത് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
2009 ലെ അവതാറിനു ശേഷം പാന്‍ഡോറിലെ നവിയെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം.
രണ്ടാം ഭാഗത്തില്‍ ജേക്ക് സുളളി, നെയ്റ്റിരി, അവരുടെ കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യ സിനിമ ഇറങ്ങി ഒരു ദശാബ്ദത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നത്. ടൈറ്റാനിക് എന്ന സൂപ്പര്‍ ഹിറ്റ് കാമറൂണ്‍ ചിത്രത്തില്‍ നായികയായ കെയ്റ്റ് വിന്‍സ്ലെറ്റ് അവതാര്‍ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കാമറൂണിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായത് ഗംഭീര എക്‌സ്പീരിയന്‍സ് ആയിരുന്നു എന്നാണ് കെയ്റ്റ് വിശേഷിപ്പിച്ചത്.
അവതാര്‍; ദ വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlight: new creators in avatar the way of water video story