| Tuesday, 8th June 2021, 10:07 pm

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍. ബ്രസീലില്‍ നിന്നെത്തിയ രണ്ടു പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്.

ഈ വകഭേദം നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും ഇന്ത്യയില്‍ നിലവില്‍ വ്യാപിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. നിലവില്‍ കണ്ടെത്തിയ വൈറസിനെ നേരിടാന്‍ കൂടിയ അളവില്‍ ആന്റി ബോഡികള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നിലും ഈ വകഭേദത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അതോര്‍ത്ത് ആശ്വസിക്കാറായിട്ടില്ലെന്നും പുതിയ വകഭേദങ്ങളെ നേരിടാന്‍ വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് ചെയ്യേണ്ടതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

12,200 ലധികം വകഭേദങ്ങള്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് മറ്റുള്ള വകഭേദങ്ങളുടെ സാന്നിദ്ധ്യം ഇന്ത്യയില്‍ കുറവാണെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ കൊവിഡ് രണ്ടാം തരംഗത്തിനിടെയാണ് ഡെല്‍റ്റ വേരിയന്റ് ഇന്ത്യയില്‍ കണ്ടെത്തിയത്. യു. കെയില്‍ ആദ്യം കണ്ടെത്തിയ ആല്‍ഫ വേരിയന്റിനെക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വേരിയന്റെന്ന് കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: New Covid Strain Detected By Pune Virologists, Not Found In Indian Cases

We use cookies to give you the best possible experience. Learn more