| Friday, 17th September 2021, 12:00 pm

കൊവിഡ് അവധി ദുരൂപയോഗം ചെയ്താല്‍ നടപടി, കൊവിഡ് ബാധിച്ച് ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായാല്‍ ജോലിക്കെത്തണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴാം ദിവസം പരിശോധന നടത്തണമെന്നും നെഗറ്റീവ് ആയാല്‍ ജോലിക്ക് പ്രവേശിക്കണമെന്നുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കൊവിഡ് ബാധിച്ചതിന്റെ പേരില്‍ അവധി ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകമാക്കുന്നത്.

കൊവിഡ് ബാധിച്ചാല്‍ പൊതുഅവധി ഉള്‍പ്പെടെ 7 ദിവസമായിരിക്കും സപെഷ്യല്‍ കാഷ്വല്‍ അവധിയായി ഇനി അനുവദിക്കുക. ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് സപെഷ്യല്‍ കാഷ്വല്‍ അവധിയായി പരിഗണിക്കും. കൊവിഡ് സമ്പര്‍ക്കമുള്ളവര്‍ക്കുമാണ് പ്രത്യേക അവധി നല്‍ക്കുക.

മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്നാലും മറ്റുള്ളവരുമായുള്ള ഇടപ്പെടുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കില്ല. അവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫിസില്‍ എത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ഈ കാലയളവില്‍ രോഗലക്ഷണം ഉണ്ടായാല്‍ ഉടന്‍ ചികിത്സതേടുകയും വേണമെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കൂടുതല്‍ ദിവസം തുടരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സയളവ് പൂര്‍ണമായും സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ആയി അനുവദിക്കുമെന്നും ഉത്തരവില്‍ ഉണ്ട്.

തദ്ദേശ വകുപ്പിന്റെയോ അരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രമാണ് സ്പെഷ്യല്‍ കാഷ്വല്‍ അവധിക്കായി ഹാജരാക്കേണ്ടത്.

We use cookies to give you the best possible experience. Learn more