ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഗവേഷകരാണ് വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്.
കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു പ്രത്യേകയിനം വവ്വാലുകളില്‍ കൊറോണ വൈറസിന് സമാനമായ ജനിതകഘടനയുള്ള വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.
റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കൊവിഡ് 19 വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ യുവാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ ഈ വൈറസ് കൊറോണ വൈറസുമായി അടുത്ത സാമ്യമുള്ള രണ്ടാമത്തെ വൈറസാണ്.
ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ് ഗവേഷണത്തിന് പിന്നില്‍. മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്.
തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുവാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠന വിധേയമാക്കിയത്. വിവിധ വിഭാഗത്തില്‍പെട്ട വവ്വാലുകളെ പഠനവിധേയമാക്കിയതില്‍ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്ന് സെല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ബാച്ചില്‍ ചിലത് വവ്വാലുകളില്‍ വളരെ വ്യാപകമായി പടര്‍ന്നേക്കാമെന്നും മനുഷ്യരിലേക്കും പകരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ കൂടുതല്‍ ആശങ്ക പകരുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.