സ്വര്‍ണ്ണകടത്ത് കേസിലെ പിടികിട്ടാപുള്ളിക്കൊപ്പം ഇടത് എം.എല്‍.എമാര്‍; ജനജാഗ്രതാ യാത്രയിലെ ആഡംബര കാര്‍ വിവാദത്തിനു പിന്നാലെ വീണ്ടും വിവാദം
Kerala
സ്വര്‍ണ്ണകടത്ത് കേസിലെ പിടികിട്ടാപുള്ളിക്കൊപ്പം ഇടത് എം.എല്‍.എമാര്‍; ജനജാഗ്രതാ യാത്രയിലെ ആഡംബര കാര്‍ വിവാദത്തിനു പിന്നാലെ വീണ്ടും വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2017, 4:56 pm

കോഴിക്കോട്: ഇടത് എം.എല്‍.എമാര്‍ക്ക് സ്വര്‍ണ്ണകള്ളകടത്തുകാരുമായി ബന്ധമുണ്ടെന്ന വാദത്തിന് ശക്തി പകര്‍ന്ന് പുതിയ ചിത്രങ്ങള്‍ പുറത്ത്. കള്ളക്കടത്ത് കേസില്‍ ഡി.ആര്‍.ഡി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അബ്ദുള്‍ ലൈസിനൊപ്പം എം.എല്‍.എമാരായ പിടിഎ റഹീമും കാരാട്ട് റാസഖും നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നത്.

കഴിഞ്ഞ ജനുവരി രണ്ടിനാണ് എം.എല്‍.എമാര്‍ ദുബായ് സന്ദര്‍ശിച്ചത്. കൊടുവള്ളി സ്വദേശി മേപ്പൊയില്‍ മുഹമ്മദിന്റെ കട ഉദ്ഘാടനം ചെയ്യാനായിരുന്നു അത്. ചടങ്ങില്‍ മുഹമ്മദിന്റെ അടുത്ത സുഹൃത്തായ അബൂലെയ്‌സും ചടങ്ങില്‍ പങ്കെടുത്തു.

2013ലാണ് കോഴിക്കോട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അബൂലെയ്‌സ്, ഷഹബാസ്, നബീല്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. മൂവരും കള്ളക്കടത്തു തടയല്‍ (കോഫെപോസ) നിയമപ്രകാരം പ്രതികളാണ്. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത് മുന്‍കൂട്ടി കണ്ട് ലൈസ് വിദേശത്തേക്ക് കടക്കുകയായിരുന്നു.


Also Read  ‘ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വ്വകാല സംഘിയാണ്’ രവീന്ദ്രനാഥ് വിഷയത്തില്‍ അനില്‍ അക്കരെയ്‌ക്കെതിരെ പി.എം മനോജ്


ഈ കേസിലെ ഏഴാം പ്രതിയാണ് കാരാട്ട് ഫൈസല്‍. ഇയാളുടെ കാറിലായിരുന്നു ജനജാഗ്രതയാത്രക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കയറിയതും വിവാദമായതും. ജനജാഗ്രതാ യാത്രയിലെ ആഡംബര കാര്‍ വിവാദത്തിനു പിന്നാലെ എംഎല്‍എമാരെ കള്ളക്കടത്ത് കേസ് പ്രതികള്‍ക്കൊപ്പം കണ്ടത് എല്‍ഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

അതേ സമയം കള്ളക്കടത്തുകേസില്‍ അബൂലെയ്‌സ് പ്രതിയാണെന്ന് അറിയാമെന്നും വേദി പങ്കിട്ടത് അറിവോടെയാണെന്നും പി.ടി.എ റഹീം എം.എല്‍.എ പ്രതികരിച്ചു. പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവരോട് ഫോട്ടോ എടുക്കേണ്ടന്ന് പറയാന്‍ കഴിയില്ലെന്നും ഒരു ഫോട്ടോ എടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.